നിർദേശം ലഭിച്ചാൽ പാക് അധീനകശ്മീർ ലക്ഷ്യമിടും: ഇന്ത്യൻ സൈനിക മേധാവി
ദില്ലി: പാക് അധിനിവേശ കശ്മീരിൽ സൈനിക നടപടിക്ക് തയ്യാറാണെന്ന സൂചന നൽകി ഇന്ത്യൻ സൈനിക മേധാവി. പാക് അധിനിവേശ കശ്മീരിനെ സംബന്ധിച്ച് സൈന്യത്തിന് പല ആസൂത്രണങ്ങളുമുണ്ട്. ആവശ്യപ്പെട്ടാൽ നടപ്പിലാക്കാമെന്നാണ് പുതിയ സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീർ ഉൾപ്പെടെയുള്ള അതിർത്തികളിൽ നമ്മുടെ സൈനയെ വിന്യസിച്ചിട്ടുള്ളത് ആവശ്യം വരുമ്പോൾ നടപ്പിലാക്കാൻ പല പദ്ധതികളുമുള്ളതുകൊണ്ടാണ്. ആവശ്യമെങ്കിൽ ആ പദ്ധതികൾ പ്രാവർത്തികമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാക് വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാൻ യുഎസ് വിമാന കമ്പനികൾക്ക് എഫ്എഎ മുന്നറിയിപ്പ്
പ്രധാന ലക്ഷ്യം ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടക്കാതിരിക്കുകയാണ്. അതിന് മുഴുവൻ സമയവും ജാഗ്രതയോടെ ഇരിക്കേണ്ടത് പ്രധാനമാണ്. പല സാഹചര്യങ്ങളിലും അത് പാലിക്കപ്പെടേണ്ടത് കടുപ്പമേറിയ ചുമതലയാണ്. നിർദേശം ലഭിച്ചാൽ പാക് അധീന കശ്മീരിൽ സൈനിക നടപടിക്ക് തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ സൈന്യം വലിയ രണ്ട് സൈനിക നടപടികളാണ് നടപ്പിലാക്കിയത്. അത് ഭീകരവാദത്തോട് ഇന്ത്യ പുലർത്തുന്ന നിലപാടിന്റെ ഭാഗമാണ്. 2016 നിയന്ത്രണരേഖക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളാണ് ആക്രമിച്ചത്. ജമ്മു കശ്മീരിലെ ഉറി സൈനിക താവളം ആക്രമിച്ചതിനുള്ള തിരിച്ചടിയായിരുന്നു അത്. പുൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി 2019 ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ആക്രമിച്ചിരുന്നു. പുൽവാമയിൽ ഇന്ത്യൻ സൈനികർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ചാവേർ ആക്രമണമുണ്ടായത്. നിരവധി ഇന്ത്യൻ സൈനികരാണ് ആക്രമണത്തിൽ വീരമൃത്യൂ വരിച്ചത്.
നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രപ്രതിരോധ മന്ത്രി പാകിസ്താന് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥയും നിലന്നിരുന്നു. ഇന്ത്യൻ അതിർത്തിയിലേക്ക് പാകിസ്താനികൾ വന്നാൽ ജീവനോടെ മടങ്ങിപ്പോകാൻ കഴിയില്ലെന്നാണ് രാജ് നാഥ് സിംഗ് നൽകിയ മുന്നറിയിപ്പ്. 1965ലും 1971ലും ചെയ്ത തെറ്റ് പാകിസ്താൻ വീണ്ടും ആവർത്തിക്കരുതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം ചൈനീസ് പിന്തുണയോടെ പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചെങ്കിലും കശ്മീർ വിഷയം ആഭ്യന്തര വിഷയം മാത്രമാണെന്ന ഇന്ത്യൻ നിലപാടിനെയാണ് യുഎന്നും ലോകരാഷ്ട്രങ്ങളും അംഗീകരിച്ചത്.