ബെംഗളൂരുവിന് പുറത്ത് പുതിയ ഐടി നഗരം? ടെക് കമ്പനികളെ സ്വാഗതം ചെയ്യുന്നത് ഈ നഗരങ്ങളിലേക്ക്
ബെംഗളൂരു: ലോകത്തെ വന്‍കിട ടെക് കമ്പനികളുടെ എല്ലാം സാന്നിധ്യമുള്ള നഗരമാണ് ബെംഗളൂരു. എന്നാല്‍ ഇന്ത്യയുടെ ഐടി ഹബ്ബ് എന്നറിയപ്പെടുന്ന ബെംഗളൂരു ഗതാഗതക്കുരുക്ക് മൂലവും സ്ഥലപരിമിതി കൊണ്ടും വീര്‍പ്പുമുട്ടുകയാണ്. ഉയര്‍ന്ന ഓഫീസ് വാടകയും ജീവിതച്ചെലവും പുതിയ കമ്പനികള്‍ വരുന്നതിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഏറെ ശ്രദ്ധേയമായ പുതിയ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്.
കര്‍ണാടകയില്‍ ബെംഗളൂരു നഗരത്തിന് പുറത്ത് പുതിയ ഐടി നഗരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് ഉപമുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ബിദാദിയില്‍ ആയിരിക്കും പുതിയ ഐടി നഗരം സ്ഥാപിക്കുക. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് ബിദാദി. ഇവിടെ 9,000 ഏക്കര്‍ വിസ്തൃതിയുള്ള ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വലിയ കമ്പനികള്‍ ബെംഗളൂരുവില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

സംസ്ഥാനത്ത് ഐടി മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ സ്ഥലം ഒരുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാനും സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ബെംഗളൂരുവിനപ്പുറം പുതിയ ഐ.ടി. നഗരം സ്ഥാപിക്കുന്നത്. ബെംഗളൂരു ടെക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിദാദിയില്‍ ശക്തമായ കണക്റ്റിവിറ്റിയും ഹരിത ഇടങ്ങളുമുള്ള ഒരു ടെക് ഹബ് സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
മൈസൂരു, മംഗളൂരു, ഹുബ്ബള്ളി-ധാര്‍വാഡ്, ബെളഗാവി, കലബുറഗി, ശിവമോഗ, ദാവന്‍ഗരെ, തുമകുരു തുടങ്ങിയ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാമ്പത്തിക ആനുകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഐടി നയത്തിലാണ് നിരവധി വാഗ്ദാനങ്ങള്‍ ഉള്ളത്. പ്രോപ്പര്‍ട്ടി ടാക്സില്‍ മൂന്നു വര്‍ഷത്തേക്ക് 30 ശതമാനം റീഇംബേഴ്‌സ്‌മെന്റ്, ഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍ക്ക് 25% ഇളവ് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.
ബെംഗളൂരുവിനു സമീപം രണ്ടാമത്തെ വിമാനത്താവളത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. 42,500 കോടി രൂപയുടെ 40 കിലോമീറ്റര്‍ ഇരട്ട തുരങ്ക പദ്ധതി, 41 കിലോമീറ്റര്‍ ഡബിള്‍ ഡെക്കര്‍ മെട്രോ എന്നിവ ഉള്‍പ്പെടെ ബെംഗളൂരുവിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നും ശിവകുമാര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications