ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍; തിരഞ്ഞെടുക്കപ്പെട്ടത് ശബ്ദവോട്ടോടെ
ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കറായി ഓം ബിര്‍ള തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭയില്‍ ശബ്ദ വോട്ടെടുപ്പോടെയണ് ഓം ബിര്‍ള തിരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.
മൂന്ന് തവണ എംപിയായ ഓം ബിര്‍ള, 17-ം ലോക്‌സഭയിലും സ്പീക്കറായിരുന്നു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയൊക്കൊപ്പം ചെയറിലേക്ക് ആനയിക്കുകയും ചെയ്തു. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും ഓം ബിര്‍ളയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 297 എംപിമാരുടെ പിന്തുണ ലഭിച്ചപ്പോല്‍ പ്രതിപക്ഷത്തിന് 232 പേരുടെ പിന്തുണ ലഭിച്ചു.
പൊതുവെ സമവായത്തോടെയാണ് ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി എത്തിയിരുന്നു. പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ പ്രതിപക്ഷത്തിന്റെ അവകാശവാദമോ തങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.
'ഞങ്ങള്‍ സ്പീക്കറെ പിന്തുണയ്ക്കാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. അവര്‍ പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു, പക്ഷേ അവര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണം, രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പ്രക്രിയ വ്യത്യസ്തമാണ്. അതിനാല്‍ രണ്ടും യോജിപ്പിക്കുന്നത് ശരിയല്ല,' പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പരമ്പരാഗതമായി പ്രതിപക്ഷ എംപിക്ക് ലഭിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കഴിഞ്ഞ ലോക്സഭയില്‍ ഒഴിഞ്ഞിരിക്കുകയായിരുന്നു.
2014 ല്‍ ബി ജെ പി സഖ്യകക്ഷിയായ എ ഐ എ ഡിഎം കെയുടെ എം തമ്പി ദുരൈയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ആയത്. എന്നാല്‍ 2014 നും 2019 നും വ്യത്യസ്തമായി ഇത്തവണ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം നടന്നത്.












Click it and Unblock the Notifications