സൗത്ത് ബ്ലോക്ക് ചരിത്രം; ഇനി 'സേവാ തീര്‍ഥ്'; പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറി
ന്യൂഡല്‍ഹി: സൗത്ത് ബ്ലോക്കിനോട് വിടപറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ ആസ്ഥാനമായ 'സേവാ തീര്‍ഥിലേക്ക്' മാറി. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ഓഫീസ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം സേവാ തീര്‍ഥിലെ തന്റെ പുതിയ ചേംബറില്‍ എത്തിയ പ്രധാനമന്ത്രി സ്ത്രീകള്‍, യുവാക്കള്‍, അശരണരായ പൗരന്മാര്‍ എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളില്‍ ഒപ്പുവെച്ച് ചുമതലയേറ്റു.
ദശകങ്ങളായി രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെ അവസാന മന്ത്രിസഭാ യോഗം ചേര്‍ന്നു. ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പുതിയ മന്ദിരത്തിലേക്ക് മാറിയത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ അധികാരത്തിന്റെ അടയാളമായിരുന്ന സൗത്ത് ബ്ലോക്ക് ഇനി ചരിത്രമായി.

സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ ഏറ്റവും സുപ്രധാനമായ നിര്‍മിതികളിലൊന്നാണ് സേവാ തീര്‍ഥ്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂന്നിയ പ്രവര്‍ത്തനസൗകര്യങ്ങളും ഇവിടെയുണ്ട്. പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്ഷന്‍, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഇനി ഇവിടെയാകും പ്രവര്‍ത്തിക്കുക.
രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ജനസേവനത്തിനുള്ള മുന്‍ഗണന കണക്കിലെടുത്താണ് പുതിയ മന്ദിരത്തിന് 'സേവാ തീര്‍ഥ്' എന്ന് പേര് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഈ സമുച്ചയത്തിന് സമീപത്തേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും ഇവിടെയാകും.
വികസിത ഭാരതമെന്ന ദൃഢനിശ്ചയവുമായി ഒരു പുതിയ ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള നിര്‍ണായക എക്‌സിക്യൂട്ടീവ് സ്ഥാപനങ്ങളുടെ പുതിയ സംയോജിത സമുച്ചയമാണ് 'സേവാ തീര്‍ത്ഥ്'. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉണ്ടാകുന്ന ആദ്യത്തെ സ്ഥലംമാറ്റമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സൗത്ത്, നോര്‍ത്ത് ബ്ലോക്കുകള്‍ 'യുഗേ യുഗീന്‍ ഭാരത് സംഗ്രഹ്ലയ' എന്ന പേരില്‍ ഒരു പൊതു മ്യൂസിയമാക്കി മാറ്റും.
വടക്കും തെക്കുമുള്ള ബ്ലോക്കുകള്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചതെന്നും, അത് അവരുടെ ഭരണപരമായ മുന്‍ഗണനകളെയും വാസ്തുവിദ്യയെയും പ്രതിഫലിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നയങ്ങള്‍ രൂപീകരിക്കാനുള്ള ഇടമായിരിക്കും സേവാ തീര്‍ത്ഥ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പഴയ കെട്ടിടങ്ങളില്‍ സ്ഥലപരിമിതികള്‍ ഉണ്ടായിരുന്നുവെന്നും ഇത് പ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ മുഹൂര്‍ത്തം അടയാളപ്പെടുത്താന്‍ പ്രധാനമന്ത്രി 100 രൂപയുടെ സ്മാരക നാണയവും പുറത്തിറക്കി. ഉച്ചയ്ക്ക് 2 മണിയോടെ 'സേവാ തീര്‍ത്ഥ്' എന്ന പേര് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് സേവാ തീര്‍ത്ഥ്, കര്‍ത്തവ്യ ഭവന്‍ 1, 2 എന്നിവ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് (സേവാ തീര്‍ത്ഥ്-1), ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് (സേവാ തീര്‍ത്ഥ്-2), ക്യാബിനറ്റ് സെക്രട്ടേറിയറ്റ് (സേവാ തീര്‍ത്ഥ്-3) എന്നീ മൂന്ന് പ്രധാന എക്‌സിക്യൂട്ടീവ് സ്ഥാപനങ്ങളെയും സേവാ തീര്‍ത്ഥ് ഉള്‍ക്കൊള്ളും. മുന്‍പ് ഈ സ്ഥാപനങ്ങള്‍ വെവ്വേറെ സ്ഥലങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.












Click it and Unblock the Notifications