ക്യാന്‍സര്‍: ഇന്ത്യയില്‍ പ്രതിദിനം 50 കുട്ടികള്‍ മരണമടയുന്നുവെന്ന് പഠനം
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 50 തോളം പേര്‍ ക്യാന്‍സര്‍ ബാധിച്ച് പ്രതിദിനം മരണമടയുന്നു. രാജ്യത്ത് കുട്ടികളുടെ മരണനിരക്കിലുള്ള വര്‍ദ്ധനവ് അടിസ്ഥാനമാക്കി ഒടുവില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളുടെ അഭാവമാണ് ഇതിനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്.
ടൊറന്റോ സര്‍വ്വകലാശാല, മുബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സംയുക്തമായാമാണ് പഠനത്തിന് നേതൃത്വം നല്‍കിയിട്ടുള്ള പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഗ്ലോബല്‍ ഓങ്കോളജിയിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യ പോലുള്ള താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചികിത്സ സംബന്ധിച്ച രേഖകള്‍ ലഭിക്കാത്തതാണ് കുട്ടികളിലെ ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് കണ്ടെത്താന്‍ സാധിക്കാത്തതെന്നും പഠനം വ്യക്തമാക്കുന്നു.

കുട്ടികളിലെ ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 37 മില്യണ്‍ കുട്ടികളാണ് രാജ്യത്ത് മരണമടയുന്നത്. രാജ്യത്ത് ഇതിനകം ഉണ്ടായിട്ടുള്ള 27,000 വരുന്ന കുട്ടികളുടെ മരണങ്ങളും 14 മില്യണ്‍ ജനങ്ങളില്‍ നടത്തിയിട്ടുള്ള സര്‍വ്വേയുടെയും അടിസ്ഥാനത്തിലാണ് ഈ ഫലങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്.
ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളില്‍ 80 ശതമാനത്തോളം കുട്ടികളും ക്യാന്‍സര്‍ മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കിലും ചികിത്സാ രംഗത്തുണ്ടായ വളര്‍ച്ച ഇത് മറികടക്കാന്‍ സഹായിക്കുന്നതിനാല്‍ രോഗം എളുപ്പം സുഖപ്പെടുന്നു. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഉന്നതനിലവാരമുള്ള ചികിത്സാസംവിധാനങ്ങളുടെ അഭാവമാണ് ഇത്തരത്തില്‍ കുട്ടികള്‍ക്കിടയിലുണ്ടാകുന്ന ഉയര്‍ന്ന മരണനിരക്ക് വിലകുറച്ചുകാണുന്നതിന് ഇടയാക്കുന്നത്.
2014ല്‍ പുറത്തിറങ്ങിയിട്ടുള്ള ലാന്‍സര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം 10 ലക്ഷത്തോളം പേരില്‍ ക്യാന്‍സര്‍ രോഗനിര്‍ണ്ണയം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ 2015ഓടെ ഇന്ത്യയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ അഞ്ചിരട്ടി വര്‍ദ്ധന ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുമെന്നാന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിക്കടി ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ക്യാന്‍സര്‍ ചികിത്സ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കും. ഒരു ഇടത്തരം കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 20 ഇരട്ടിയോളം ഇതിനാവശ്യമായി വരുമെന്ന് എയിംസ് കണ്ടെത്തിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗ്ഗത്തിനും ഓങ്കോളജി വകുപ്പിന്റെ സേവനം വേണ്ട രീതിയില്‍ ലഭിക്കുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഇത് രോഗ നിര്‍ണ്ണയത്തിനും അനിവാര്യമായ ഘട്ടങ്ങളിലുള്ള ചികിത്സയുടെ അഭാവത്തിലേക്കും നയിക്കുന്നു.
രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രവണത കണക്കിലെടുത്ത്് ക്യാന്‍സര്‍, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ ബാധിച്ച് മരമണടയുന്ന കുട്ടികളുടെ എണ്ണം വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തോളം കുറച്ചുകൊണ്ടുവരുന്നതിനായി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ദേശീയതലത്തില്‍ ആക്ഷന്‍ പ്ലാന്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.
മെച്ചപ്പെട്ട ജീവിത ശൈലി, ആരോഗ്യകരമായ ഭക്ഷണക്രമം, പുകയില, പഞ്ചസാരവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുക, മലിനീകരണ നിയന്ത്രണം, ആദ്യഘട്ടത്തില്‍ രോഗനിര്‍ണ്ണയം നടത്തുക എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാനാവശ്യമായ സാഹചര്യം.












Click it and Unblock the Notifications