ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ ടാക്‌സിവേ; നിർമ്മാണം പുരോഗമിക്കുന്നു
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമ്മിക്കുന്ന എലിവേറ്റഡ് വെസ്റ്റേൺ ക്രോസ്-ഫീൽഡ് ടാക്‌സിവേയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചുകൊണ്ട് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) എയറോണോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ (എ ഐ പി) സപ്ലിമെന്റ് പുറത്തിറക്കിയിട്ടുണ്ട്.
പുതിയ എലിവേറ്റഡ് വെസ്റ്റേൺ ക്രോസ്-ഫീൽഡ് ടാക്‌സിവേ (ടി ഡബ്ല്യു വൈ-ജെ, ഡബ്ല്യു വൈ-കെ), TWY-B, ഡബ്ല്യു വൈ-ജി എന്നിവയുടെ വിപുലീകരണം, അനുബന്ധ അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. വിമാനത്താവളത്തിന്റെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എയർസൈഡ് വികസന പദ്ധതികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 2 എന്നിവയ്ക്കും വടക്കൻ, തെക്കൻ റൺവേകൾക്കുമിടയിൽ വിമാനങ്ങൾ സഞ്ചരിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ വിമാനങ്ങളുടെ ടാക്‌സി സമയം കുറയുകയും റൺവേകളിലേക്കും ടെർമിനലുകളിലേക്കുമുള്ള പ്രവേശനം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.
വിമാനങ്ങളുടെ നീക്കത്തിന് ആവശ്യമായ എയർഫീൽഡ് സർകുലേഷൻ മെച്ചപ്പെടുത്തുന്നതിനൊപ്പം രണ്ട് റൺവേകൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താൻ ഈ ടാക്‌സിവേ സഹായിക്കും. ഇതുവഴി വിമാന ഗതാഗതം കൂടുതൽ സുഗമമാകുകയും പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും വർധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പദ്ധതിക്ക് പരിസ്ഥിതി സൗഹൃദ നേട്ടങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ടാക്‌സി സമയം കുറയുന്നതോടെ വിമാനങ്ങൾ ഗ്രൌണ്ടിൽ ഉണഅടാകുന്ന സമയത്തെ ഇന്ധന ചെലവ് കുറയുകയും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സാധിക്കും.
എയർബസ് A380, ബോയിങ് 777, ബോയിങ് 747-8 തുടങ്ങിയ വൈഡ്-ബോഡി വിമാനങ്ങൾ ഉൾപ്പെടെ വിവിധ തരം വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ ടാക്‌സിവേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ടെർമിനൽ ബുലെവാർഡ്, മെട്രോ ബ്ലൂ ലൈൻ, കാർഗോ റോഡുകൾ, സൗത്ത് ആക്സസ് റോഡുകൾ എന്നിവയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് ഘടനകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഗണ്യമായി വർധിക്കുമെന്നും, ഭാവിയിൽ വർധിക്കുന്ന യാത്രക്കാരുടെയും വിമാന സർവീസുകളുടെയും ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ.












Click it and Unblock the Notifications