ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; യാത്ര 3 മണിക്കൂര്‍ കുറയും, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടം
നിരവധി മലയാളികള്‍ താമസിക്കുന്ന നഗരമാണ് ബെംഗളൂരു. ബിസിനസ് ആവശ്യത്തിനും പഠനത്തിനുമെല്ലാം ബെംഗളൂരുവിലെത്തുന്ന മലയാളികള്‍ നിരവധിയാണ്. ഐടി നഗരത്തില്‍ ജോലി ചെയ്യുന്ന മലയാളികളും എമ്പാടുമുണ്ട്. അതുകൊണ്ടുതന്നെ ബെംഗളൂരുവിലെ ഏത് മാറ്റവും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്യും. പ്രത്യേകിച്ച് വികസന രംഗത്തും ഗതാഗത രംഗത്തും വരുന്ന മാറ്റങ്ങള്‍.
എറണാകുളത്ത് നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് തുടങ്ങിയ വന്ദേഭാരത് എക്‌സ്പ്രസ് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബെംഗളൂരുവിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി എത്തുകയാണ്. ഡിസംബര്‍ പത്ത് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. യാത്രാ സമയം ഏറെ ലാഭിക്കാന്‍ കഴിയുന്ന ഈ സര്‍വീസിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം...

ബെംഗളൂരുവിനും ആന്ധ്ര പ്രദേശിലെ വിജയവാഡയ്ക്കുമിടയിലാണ് പുതിയ വന്ദേഭാരത് വരുന്നത്. തിരുപ്പതി വഴിയാണ് ഈ സര്‍വീസ്. അതുകൊണ്ടുതന്നെ തീര്‍ഥാടന ആവശ്യവുമായി പോകുന്ന മലയാളികള്‍ക്കു ഉപകാരപ്പെടും. ആന്ധ്രയില്‍ ബിസിനസ് ആവശ്യത്തിന് പോകുന്ന ബെംഗളൂരു മലയാളികള്‍ക്കും ഈ സര്‍വീസ് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
വിജയവാഡ-ബെംഗളൂരു വന്ദേഭാരത് സമയം
വിജയവാഡയില്‍ നിന്ന് രാവിലെ 5.15നാണ് വന്ദേഭാരത് എക്‌സ്പ്രസ് പുറപ്പെടുക. ബെംഗളൂരുവില്‍ ഉച്ചയ്ക്ക് ശേഷം 2.15ന് എത്തിച്ചേരും. തെനാലി, ഓംഗോള്‍, നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍, കാഡ്പാടി, കൃഷ്ണരാജപുരം എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. 2.45നായിരിക്കും മടക്ക സര്‍വീസ്. വിജയവാഡയില്‍ എത്തുമ്പോള്‍ രാത്രി 11.45 ആകും.
സാധാരണ ട്രെയിനുകളില്‍ ബെംഗളൂരു-വിജയവാഡ യാത്രയ്ക്ക് 12 മണിക്കൂര്‍ വരെ സമയം വേണ്ടി വരും. എന്നാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ ഒമ്പത് മണിക്കൂര്‍ ആണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മണിക്കൂര്‍ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. ചൊവ്വാഴ്ച സര്‍വീസുണ്ടാകില്ല.
713 കിലോമീറ്റര്‍ യാത്ര
ആദ്യ ഘട്ടത്തില്‍ ബെംഗളൂരു-വിജയവാഡ വന്ദേഭാരത് എക്‌സ്പ്രസില്‍ എട്ട് കോച്ചുകളാണുണ്ടാകുക എന്നാണ് കരുതുന്നത്. ഏഴ് എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാറും. ടിക്കറ്റ് നിരക്ക് വൈകാതെ റെയില്‍വെ പരസ്യപ്പെടുത്തുമെന്നാണ് കരുതുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കോച്ചുകള്‍ കൂട്ടുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. തിരുപ്പതിയിലൂടെയുള്ള സര്‍വീസ് ആയതിനാല്‍ നിറയെ യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ട്.
വിജയവാഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 713 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും ദൂരം ഒമ്പത് മണിക്കൂറില്‍ എത്താന്‍ സാധിക്കുന്നത് ബിസിനസുകാര്‍ക്കും വിദ്യര്‍ഥികള്‍ക്കും നേട്ടമാകും. എസി ചെയര്‍ കാറില്‍ 1900 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ 3100 രൂപയും ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നു. സര്‍വീസ് തുടങ്ങുന്നതിന്റെ നാല് ദിവസം മുമ്പായിരിക്കും ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തുക.












Click it and Unblock the Notifications