പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി അറിഞ്ഞത് വൈകി! രോഷം കൊണ്ട് നരേന്ദ്ര മോദി
Recommended Video

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കോണ്‍ഗ്രസ് കടന്നാക്രമിക്കുകയാണ്. പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും നരേന്ദ്ര മോദി പരസ്യ ചിത്രീകരണം നിര്‍ത്തി വെച്ചില്ല എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണം തളളി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. പുല്‍വാമ ആക്രമണ വാര്‍ത്തയറിഞ്ഞ് മോദി മണിക്കൂറുകളോളം ജലപാനം പോലുമില്ലാതെ അത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് വിശദീകരണം.

മോദി ഷൂട്ടിംഗ് തിരക്കിൽ
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം കരയുമ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു.

വിവരം അറിയിക്കാൻ വൈകി
എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അറിയാന്‍ പ്രധാനമന്ത്രി 25 മിനുറ്റോളം വൈകി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആക്രമണം ഉണ്ടായ ദിവസം രാവിലെ 7 മണിക്കാണ് മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ എത്തിയത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 11.15ന് മോദി എത്തി.

മോശം കാലാവസ്ഥ
എക്കോ സഫാരിയുടേയും ടൈഗര്‍ സഫാരിയുടേയും ഉദ്ഘാടനത്തിന് വേണ്ടി പാര്‍ക്കില്‍ മൂന്ന് മണിക്കൂറാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. വൈകിട്ട് 3.10നാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. എന്നാല്‍ മോശം കാലാവസ്ഥയും നെറ്റ്വര്‍ക്കും കാരണം ഈ വിവരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ വൈകി.

ദില്ലിയിലെത്താനായില്ല
3.35നാണ് മോദി വിവരങ്ങള്‍ അറിഞ്ഞത്.
ആക്രമണ വാര്‍ത്ത അറിഞ്ഞതോടെ രുദ്രപൂരിലെ തെരഞ്ഞെടുപ്പ് റാലി മോദി റദ്ദാക്കി. വിവരം അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി രോഷാകുലനായി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദില്ലിയിലേക്ക് ഉടന്‍ തന്നെ തിരിക്കാനുളള ശ്രമങ്ങളും ഫലം കണ്ടില്ല.

വിവരങ്ങൾ തേടിക്കൊണ്ടിരുന്നു
ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥ അല്ലായിരുന്നതായിരുന്നു കാരണം. രാത്രി വൈകിയോടെ മാത്രമാണ് പ്രധാനമന്ത്രിക്ക് ദില്ലിയില്‍ എത്താന്‍ സാധിച്ചത്. അതുവരെ അദ്ദേഹം ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു.

ജലപാനം പോലുമില്ലാതെ
മണിക്കൂറുകളോളം മോദി ജലപാനം പോലും കഴിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വിശദീകരണം തേടി
പ്രധാനനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന് ബന്ധപ്പെട്ടവരോട് അജിത് ഡോവല്‍ വിശദീകരണം തേടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമന്ത്രിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ ്പ്രചരിപ്പിക്കുകയാണ് എന്നാണ് ബിജെപി തിരിച്ചടിക്കുന്നത്. പ്രധാനമന്ത്രിയെ പ്രൈം ടൈം മിനിസ്റ്റര്‍ എന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications