'വിദേശഫണ്ട് സ്വീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തി'; ന്യൂസ് ക്ലിക്കിനെതിരായ എഫ്‌ഐആര്‍ ഇങ്ങനെ
ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും തകര്‍ക്കാന്‍ ന്യൂസ്‌ക്ലിക്ക് എന്ന വാര്‍ത്താ വെബ്സൈറ്റ് ഗൂഢാലോചന നടത്തിയെന്ന് ദല്‍ഹി പൊലീസിന്റെ എഫ് ഐ ആര്‍. എന്‍ ഡി ടി വിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്ന് വിദേശഫണ്ട് സ്വീകരിച്ച് അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചു എന്നാണ് ന്യൂസ്‌ക്ലിക്കിനെതിരായ ആരോപണം.
ന്യൂസ്‌ക്ലിക്ക്, വെബ്സൈറ്റിന്റെ സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്ത, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തി, മാധ്യമപ്രവര്‍ത്തകര്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിവരെ പേരെടുത്ത് പരാമര്‍ശിക്കുന്ന എഫ് ഐ ആര്‍ ഇവര്‍ ഇന്ത്യയ്ക്കെതിരെ അതൃപ്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ഐക്യത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും ആരോപിക്കുന്നു.

'ഇന്ത്യയോട് വിദ്വേഷമുള്ള ഇന്ത്യന്‍, വിദേശ സ്ഥാപനങ്ങള്‍ കോടികളുടെ വിദേശ ഫണ്ട് ഇന്ത്യയില്‍ അനധികൃതമായി നിക്ഷേപിച്ചതായി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ മുതല്‍ കോടിക്കണക്കിന് രൂപയുടെ ഇത്തരം തട്ടിപ്പ് ഫണ്ടുകള്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ന്യൂസ്‌ക്ലിക്കിന് ലഭിച്ചു,' എഫ് ഐ ആറില്‍ പറയുന്നു.
ചൈനീസ് സര്‍ക്കാരിന്റെ മീഡിയ മെഷീനുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഗം നിക്ഷേപം നടത്തിയെന്നും എഫ് ഐ ആര്‍ അവകാശപ്പെടുന്നു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്‌ക്കെതിരെ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടു.
ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു എന്നുമാണ് ആരോപണം. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം തങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ യു എ പി എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രബീര്‍ പുരകായസ്ത, അമിത് ചക്രബര്‍ത്തി എന്നിവര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ കേസ് പരിഗണിക്കും. പ്രബീര്‍ പുരകായസ്തയെയും അമിത് ചക്രബര്‍ത്തിയേയും ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് ക്ലിക്കിനെതിരായ നടപടി.












Click it and Unblock the Notifications