കശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ; പ്രതിഷേധിച്ച് അന്താരാഷ്ട്ര സംഘടനകള്‍
ശ്രീനഗര്‍: ജമ്മു കശ്മീരിൽ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഖുറം പർവേസിനെ തീവ്രവാദ ഫണ്ടിംഗ് കേസില്‍ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ). കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും ഓഫീസിലും എന്‍ഐഎ റെയ്ഡ് നടത്തിയിരു്നു. ഇതിന് പിന്നാലെയാണ് എന്‍ ഐ എ ഖുറമിനെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീർ പോലീസിന്റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്) ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അന്വേഷണ ഏജൻസി തിരച്ചിൽ നടത്തിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവും (യു എ പി എ) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരവും പർവേസിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് എൻഐഎ വൃത്തങ്ങൾ അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പർവേസിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. തുടർന്ന് താഴ്‌വരയിലെ ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായിട്ടുമാണ് എന്‍ ഐ എ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പര്‍വേസിന്റെ അറസ്റ്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തി
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. അസ്വസ്ഥജനകമായ റിപ്പോര്‍ട്ടുകളാണ് ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്നത്. അവൻ ഒരു തീവ്രവാദിയല്ല, മനുഷ്യാവകാശ സംരക്ഷകനാണെന്നുമായിരുന്നു മനുഷ്യാവകാശ സംരക്ഷകരെക്കുറിച്ചുള്ള യു എൻ പ്രത്യേക റിപ്പോർട്ടർ മേരി ലോലർ ട്വിറ്ററില്‍ കുറിച്ചത്.
"ഇന്ത്യൻ ഭരണഘടനയിലും സർക്കാർ തന്നെ അംഗീകരിച്ച അന്താരാഷ്ട്ര ഉടമ്പടികളിലും പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളും മാനദണ്ഡങ്ങളും സുരക്ഷിതമാക്കാൻ പ്രവർത്തിക്കുന്ന പൗരന്മാരെ ഇന്ത്യൻ സർക്കാർ ഭയപ്പെടുത്തുന്നത് ഖേദത്തോടെ ഞങ്ങൾ നിരീക്ഷിക്കുന്നു. പർവേസിന്റെ ഹേബിയസ് കോർപ്പസ് അവകാശങ്ങളെ മാനിക്കാനും താമസിയാതെ അദ്ദേഹത്തെ തടങ്കലിൽ നിന്ന് മോചിപ്പിക്കാനും ഞങ്ങൾ ഇന്ത്യൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു,"- എന്നായിരുന്നു റാഫ്റ്റോ ഫൗണ്ടേഷൻ ഡയറക്ടർ ജോസ്റ്റീൻ ഹോൾ കോബെൽവെഡ്റ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.
വളരെ പ്രയാസകരമായ സാഹചര്യങ്ങളിലും കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പർവേസിന്റെയും ജെ കെ സി സി എസിന്റെയും പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമവിദഗ്ധരിൽ നിന്ന് വലിയ പ്രശംസ നേടിയിട്ടുണ്ട്. ജെ കെ സി സി എസും ഖുറം പർവേസും അഹിംസയെ സ്ഥിരമായി സ്വീകരിക്കുകയും മനുഷ്യാവകാശ സംരക്ഷകരായി കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. കശ്മീരിനുള്ളില്‍ മാത്രമല്ല അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് വരെ അവര്‍ക്ക് വലിയ പ്രശസ്തി നേടാന്‍ സാധിച്ചിട്ടുണ്ടെന്നും റാഫ്റ്റോ ഫൗണ്ടേഷന്‍ വ്യക്തമാക്കി. 2017-ൽ മനുഷ്യാവകാശത്തിനുള്ള റാഫ്റ്റോ പ്രൈസ് ജെ കെ സി സി എസി നായിരുന്നു ലഭിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പർവേസിന്റെ വസതിയിലും ഓഫീസിലും ഉൾപ്പെടെ ശ്രീനഗറിലെ നിരവധി സ്ഥലങ്ങളിൽ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. 2016-ൽ തന്നെ ഖുറം പർവേസിനെതിരെ പൊതുസുരക്ഷാ നിയമം (പി എസ് എ) ചുമത്തിയിരുന്നു. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ സെഷനിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിന് തലേ ദിവസമായിരുന്നു അദ്ദേഹത്തിനെതിരെ പി എസ് എ ചുമത്തിയത്. അന്ന് അറസ്റ്റിലായ അദ്ദേഹം 76 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു മോചിതനായത്.
ഏഷ്യൻ ഫെഡറേഷന്‍ ഓഫ് ഇന്‍വാളന്ററി ഡിസപ്പിയറന്‍സസ് എന്ന സംഘടനയുടെ ചെയർപേഴ്‌സണും ജമ്മു കശ്മീർ കോളിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ (J K C C S) പ്രോഗ്രാം കോർഡിനേറ്ററുമാണ് പർവേസ്. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ കുഴിബോംബ് ആക്രമത്തില്‍പെട്ട് ഇദ്ദേഹത്തിന്റെ കാല് നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications