ദാവൂദ് ഇബ്രാഹാമിന്റെ പങ്കാളികളെ ലക്ഷ്യമിട്ട് എൻഐഎ; മുംബൈയിൽ ഇരുപതിടത്ത് റെയ്ഡ്
മുംബൈ; ദാവൂദ് ഇബ്രാഹിം നേതൃത്വം നൽകുന്ന ഡി കമ്പനി എന്ന അധോലോക സംഘത്തിനെതിരെ റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുംബൈയിലെ ബാന്ദ്ര, നാഗ്പാഡ, ബോറിവാലി, ഗോറെഗാവ്, പരേൽ, സാന്താക്രൂസ് തുടങ്ങിയ 20 സ്ഥലങ്ങളിൽ ആണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടേഴ്‌സ്, ലഹരിമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് റെയ്ഡ്. ഈ വർഷം ഫെബ്രുവരിയിൽ ഡി കമ്പനിയുടെ നേതൃത്വത്തിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ പലരും വിദേശത്ത് കേന്ദ്രീകരിച്ച്, തീവ്രവാദ പ്രവർത്തനങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്‌ഐആറിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവും (യുഎപിഎ) ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിം നടത്തുന്ന അധോലോക ശൃംഖലയിലെ അംഗങ്ങൾ കറാച്ചിയിലെ താവളത്തിൽ നിന്ന് നടത്തിയ ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങളുടെ മുഴുവൻ എൻഐഎ നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് അധോലോക നായകൻമാരായ ഛോട്ടാ ഷക്കീൽ, ജാവേദ് ചിക്ന, ടൈഗർ മേനോൻ, ഇഖ്ബാൽ മിർച്ചി, സഹോദരി ഹസീന പാർക്കർ എന്നിവരെയും എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തരകാര്യ വകുപ്പ് പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, മറ്റ് പ്രമുഖർ എന്നിവരെ ആക്രമിച്ച് ഇന്ത്യൻ ജനതയിൽ ഭീകരത സൃഷ്ടിക്കാൻ ഡി കമ്പനി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവിരം. ദേശീയ തലസ്ഥാന മേഖല, മുംബൈ, ഇന്ത്യയുടെ മറ്റ് പ്രധാന ന ഗരങ്ങൾ എന്നിവിടങ്ങളിൽ ഇവർ അക്രമത്തിന് പദ്ധതിയിടുന്നതായും വിവരം ലഭിച്ചിരുന്നു.
നേരത്തെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തത് ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു. ഡി കമ്പനി അംഗങ്ങളുടെ സഹായത്തോടെ മുംബൈയിലെ കുർളയിലെ ഒരു പ്രധാന സ്വത്ത് മാലിക്ക് തട്ടിയെടുത്തിരുന്നു. ഇതിന് പുറമെ ദാവൂദ് ഇബ്രാഹിമിന്റെ മരിച്ച സഹോദരി ഹസീന പാർക്കറുമായി മാലിക് പണമിടപാട് നടത്തിയെന്നും ഇഡി ആരോപിച്ചു. നിലവിൽ ഈ എൻസിപി നേതാവ് മഹാരാഷ്ട്ര ജയിലിലാണ്. 1993-ലെ ബോംബെ സ്‌ഫോടനത്തെ തുടർന്ന് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയും അമേരിക്കയും ചേർന്ന് 2003-ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കവർച്ച, കൊലപാതകം, കള്ളക്കടത്ത് തുടങ്ങി നിരവധി കേസുകളിലും ദാവൂദിനെതിരെ ഉണ്ട്.












Click it and Unblock the Notifications