എന്‍ഐഎ സംഘം അമേരിക്കയിലേക്ക്; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും
ന്യൂഡല്‍ഹി: രാജ്യത്തെയാകെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ അമേരിക്കയിലേക്കു പോകാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഇതിനായി അമേരിക്കന്‍ ഭരണകൂടത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. പാകിസ്ഥാന്‍ വംശജനായ റാണയെ നിലവില്‍ ലോസ് ആഞ്ചലസിലെ ഒരു ജയിലില്‍ കടുത്ത സുരക്ഷാ വലയത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത് ഏതാനും ആഴ്ചകള്‍ കൂടി വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ട്രംപ് അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് തഹാവൂര്‍ റാണയെ കൈമാറുന്നതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടായത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ട്രംപ് തഹാവൂര്‍ റാണയെ കൈമാറുമെന്ന് അറിയിച്ചത്. അമരിക്കയുടെ തീരുമാനത്തില്‍ മോദി നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറുന്നത്.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ എന്‍ഐഎ സംഘവും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരുമാണ് റാണയെ കൊണ്ടുവരാനായി അമേരിക്കയിലേക്കു പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം റാണയെ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍ ലഭിക്കും, ഉടന്‍ തന്നെ എന്‍ഐഎ സംഘം റാണയുമായി ഇന്ത്യയിലേക്കു തിരിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
റാണയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍.ഐ.എ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. റാണയുടെ കൈമാറ്റം സംബന്ധിച്ച് അമേരിക്കയിലെ വിവിധ അന്വേഷണ ഏജന്‍സികളുമായി എന്‍.ഐ.എയും ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്.
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണയ്ക്കായി തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് 63 കാരനായ റാണ അമേരിക്കന്‍ കോടതികളില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം കീഴ്‌ക്കോടതികളും ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയും അംഗീകരിച്ചില്ല. സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെയാണ് കൊടുംകുറ്റവാളിയെ കൈമാറുന്നതിനുള്ള വഴി ഒരുങ്ങിയത്. കേസില്‍ റാണയുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ തെളിവുകളും ഇന്ത്യ യു.എസിനു നേരത്തെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ അനുകൂല ഉത്തരവ്.
പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. 2008 നവംബര്‍ 26-ല്‍ നടന്ന മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതിലൂടെ 166 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇയാള്‍ കാരണമായി. താജ് ഹോട്ടല്‍, ഒബ്റോയ് ട്രൈഡന്റ് ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനസ്, ലിയോപോള്‍ഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാന്‍ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലാണ് അന്ന് ആക്രമണം ഉണ്ടായത്. തഹാവൂര്‍ റാണയെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ വര്‍ഷങ്ങളായി ഇന്ത്യ ശ്രമം നടത്തുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രണമായിരുന്നു ഇത്.












Click it and Unblock the Notifications