കൊല്ലപ്പെട്ട നിജ്ജർ ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു, പാക്കിസ്ഥാനിൽ നിന്ന് ആയുധപരിശീലനം നേടി; റിപ്പോർട്ട്
ഒറ്റാവോ: ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പ്രാദേശിക ഗുണ്ടകളുമായി ഇയാൾ വലിയ ബന്ധം വളർത്തിയെടുത്തെന്നും പാക്കിസ്ഥാനിൽ ആയുധ പരിശീലനങ്ങൾ നേടിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കള്ളപാസ്പോർട്ടിലാണ് നിജ്ജാർ 1996 ൽ കാനഡിയിലേക്ക് കടക്കുന്നത്. അവിടെ വെച്ച് ട്രെക്ക് ഡ്രൈവറായി ജോലി ചെയ്തു. എന്നാൽ കാനഡിയിൽ ഇരുന്ന് കൊണ്ട് തന്നെ ഇയാൾ നിരവധി ആക്രമണങ്ങൾ പദ്ധതിയിട്ടു. മയക്കുമരുന്നും ആയുധക്കടത്തും നടത്തുന്ന സംഘങ്ങളിലൂടെ തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബിലെ ജലന്ധറിലെ ഭാർ സിംഗ് പുര ഗ്രാമത്തിലാണ് ഇയാൾ ജനിച്ചത്. 1980 കളിലും 90 കളിലും ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തീവ്രവാദികളുമായി ഇയാൾ ചേർന്ന് പ്രവർത്തിച്ചു. തുടർന്ന് നിരവധി കേസുകൾ ഉയർന്നതോടെയാണ് ഇയാൾ കാനഡയിലേക്ക് രക്ഷപ്പെട്ടത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയുമായി ചേർന്നാണ് നിജ്ജാർ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ആയുധ പരിശീലനം നേടി. മന്ദീപ് സിംഗ് ധലിവാൾ, സർബ്ജിത് സിംഗ്, അനുപ്‌വീർ സിംഗ്, ഫൗജി എന്ന ദർശൻ സിംഗ് എന്നിവരടങ്ങിയ സംഘത്തെ കാനഡയിൽ നിജ്ജാർ വളർത്തിയെടുത്തു.
2014ൽ ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ നിജ്ജാർ പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയിൽ എത്താൻ ഇയാൾക്ക് കഴിഞ്ഞില്ല. അതിനാൽ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാവ് നിശാന്ത് ശർമ്മ, ബാബ മാൻ സിംഗ് പെഹോവ വാലെ എന്നിവരെ നിജ്ജാർ ലക്ഷ്യം വെച്ചു.
പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘം തലവൻ അർഷ്ദീപ് സിംഗ് ഗിൽ ഏലിയാസ് അർ ദലുമായി പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ 'പന്തിക് വിരുദ്ധ പ്രവർത്തനങ്ങൾ' ആരോപിക്കപ്പെട്ട മനോഹർലാൽ അറോറയുടേയും ജതീന്ദർബീർ സിംഗ് അറോറയുടേയും ഇരട്ടക്കൊലപാതകം നടത്താൻ നിജ്ജാർ അർഷ്ദീപിനെ ചുമതലപ്പെടുത്തി. ആക്രമണത്തിൽ മനോഹർ ലാൽ അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റ് മരിച്ചു, മകൻ പക്ഷപ്പെട്ടു. ഇവരുടെ കൊലനടത്താൻ നിജ്ജാർ കാനഡയിൽ നിന്നും പണം അയച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ കാനഡയിൽ ഇരുന്ന് കൊണ്ട് തന്നെ പഞ്ചാബിൽ ഇയാൾ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications