പുതുമുഖതാരത്തിന് ബന്ധുക്കളില്‍ നിന്നും മാനഭംഗഭീഷണി
ടിവി റിയാലിറ്റി ഷോയിലൂടെ സെലിബ്രിറ്റിയായി മാറി ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന നികുഞ്ജ് മാലിക് പിതാവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്ത്.
ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായാല്‍ തന്നെ തടയാനായി പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായിട്ടാണ് നികുഞ്ജ് രംഗത്തെത്തിയിരിക്കുന്നത്.

പിതാവും പിതൃസഹോദരനും അദ്ദേഹത്തിന്റെ മകനും ചേര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കിയതെന്നും താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ മൂവര്‍ക്കും വലിയ എതിര്‍പ്പാണെന്നും നികുഞ്ജ് പറയുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് ഫരീദാബാദ് പൊലീസ് സ്റ്റേഷനില്‍ താരം പരാതി നല്‍കിയിരിക്കുകയാണ്.
പിതാവും അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ മഹാവീര്‍ പ്രസാദും മകന്‍ അമിത്തും ആണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്നാണ് നികുന്ജ് നല്‍കിയ പരാതിയില്‍ ഉള്ളത്. അഭിനയം തൊഴിലാക്കാന്‍ തീരുമാനിച്ച സമയത്ത് പിതാവ് തന്നോടൊപ്പമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ബന്ധുക്കള്‍ അദ്ദേഹത്തിന്‍റെ മനസുമാറ്റിയെന്നും താരം പറയുന്നു.
2010ല്‍ രാഹുല്‍ കാ സ്വയംവര്‍ എന്ന റിയാലിറ്റിഷോയിലെ വിജയിയായതോടെയാണ് നികുഞ്ജ് ശ്രദ്ധിക്കപ്പെടുന്നത്. കൊല്ലപ്പെട്ട ബിജെപി നേതാവ് രാഹുല്‍ മഹാജനായിരുന്നു രാഹുല്‍ കാ സ്വയംവറിലെ നായകന്‍. മത്സരത്തിന്റെ ഒടുക്കം രാഹുലിന്റെ വിവാഹവാഗ്ധാനം നിരസിച്ചതോടെ നികുഞ്ജ് വാര്‍ത്തകളില്‍ ഇടം നേടി. രാഹുലിന്റെ വാഗ്ദാനം തള്ളിയ നികുഞ്ജ് മത്സരവേദിയില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു.
റിവോള്‍വര്‍ റാണിയെന്ന ചിത്രത്തിലൂടെയാണ് ഇരുപത്തിയാറുകാരിയായ നികുഞ്ജ് ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ചിത്രത്തില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണ് നികുഞ്ജ് എത്തുന്നത്.
പിതാവിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും തന്റെ സിനിമാപ്രവേശം ഇഷ്ടമല്ലെങ്കിലും അമ്മ എപ്പോഴും തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെയുണ്ടെന്ന് താരം പറയുന്നു.
ജൂലൈയില്‍ ഇതേ പരാതിയുമായി താന്‍ ഫരീദാബാദ് പൊലീസിനെ സമീപിച്ചെങ്കിലും തന്നെ അറിയിക്കാതെ അവര്‍ കേസ് ക്ലോസ് ചെയ്യുകയായിരുന്നുവെന്ന് നികുഞ്ജ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രശ്‌നം ഏറ്റെടുത്തതോടെ പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications