നിമിഷ പ്രിയയുടെ മോചനം; സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍, ദൗര്‍ഭാഗ്യകരം
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട്ടുകാരി നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ തടയാന്‍ സാധ്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ഇടപെടണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ പരിഗണിച്ചത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമാണ് നിമിഷ പ്രിയയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുക എന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

യമന്‍ പൗരന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എട്ടര കോടി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. കുടുംബം ഇത് നിരസിച്ചുവെന്നും അതാണ് മോചനത്തിന് തടസമായത് എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. വരുന്ന ബുധനാഴ്ച വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയതന്ത്രതലത്തില്‍ കൂടുതലൊന്നും സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കില്ല എന്നാണ് കേന്ദ്രം അറിയിച്ചത്. സ്വകാര്യമായി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളെ പോലെ അല്ല യമന്‍ എന്നും എജി കോടതിയെ അറിയിച്ചു. ദിയാധനം നല്‍കുന്നത് സ്വകാര്യമായ കാര്യമാണ്. യമനിലെ ചില ശൈഖുമാരുടെ സഹായത്തോടെ ഇക്കാര്യത്തില്‍ ശ്രമം നടത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
യമനില്‍ നിലവില്‍ ഭരണം നടത്തുന്നത് ഹൂത്തികളാണ്. അവരുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ല. സര്‍ക്കാര്‍ തലത്തില്‍ ആരുമായി സംസാരിക്കുമെന്നതില്‍ അവ്യക്തത ബാക്കിയാണ്. നിര്‍ഭാഗ്യകരമായ കാര്യമാണിത് എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയക്ക് യമന്‍ കോടതി വധശിക്ഷ വിധിച്ചത്. യമനിലെ സുപ്രീംകോടതിയും പ്രിസഡന്റും വധശിക്ഷ ശരിവച്ചിട്ടുണ്ട്. 2017ലാണ് കേസിന് ആസ്പദമായ സംഭവം. നിമിഷയും സുഹൃത്തും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. 2018ലാണ് യമന്‍ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്.
ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി യമന്‍ സുപ്രീംകോടതി തള്ളിയിരുന്നു. തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാന്‍ നിമിഷയുടെ അമ്മ യമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമാണ് നിമിഷക്ക് മോചനം സാധ്യമാകുകയുള്ളൂ. പണം വാങ്ങി മാപ്പ് നല്‍കുന്നത് അഭിമാനപ്രശ്‌നമായിട്ടാണ് തലാലിന്റെ കുടുംബം കാണുന്നത്. അതുകൊണ്ടാണ് മോചന ശ്രമം ഫലം കണാത്തതും. ഗോത്ര നേതാക്കളെയും പണ്ഡിതന്മാരെയും ബന്ധപ്പെട്ടുള്ള അവസാനവട്ട സമവായ ശ്രമങ്ങളും നടന്നുവരുന്നുണ്ട്.












Click it and Unblock the Notifications