ജലസേചന അഴിമതിക്കേസുകൾക്ക് താഴിട്ട് മഹാരാഷ്ട്ര എസിബി! അജിത് പവാർ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ!
ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജലസേചന അഴിമതിക്കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം. അജിത് പവാർ ഉൾപ്പെടുന്ന 70,000 കോടിയുടെ ജലസേചന അഴിമതിക്കേസുകളിൽ 9 എണ്ണമാണ് അവസാനിപ്പിച്ചിരിക്കുന്നത് എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജലസേചന വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 20 കേസുകളിൽ 9 എണ്ണം മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം ക്ലോസ് ചെയ്തതായ രേഖയും ടൈംസ് നൗ പുറത്ത് വിട്ടു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കങ്ങള്‍ ഈ നീക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം ആന്റി കറപ്ഷന്‍ ബ്യൂറോ അടച്ച 9 കേസുകളൊന്നും തന്നെ അജിത് പവാറിന് എതിരെയുളളതല്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രചാരണം അഴിമതിക്കെതിരെ
അജിത് പവാറിന് എതിരെയുളള ജലസേചന അഴിമതി അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അമിത് ഷാ അടക്കമുളള നേതാക്കള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ അഴിമതി ഉയര്‍ത്തിക്കാട്ടി വന്‍ പ്രചാരണം നടത്തി. അധികാരത്തില്‍ എത്തിയാല്‍ അജിത് പവാറിനെ ജയിലിലേക്ക് അയക്കുമെന്ന് ദേവേന്ദ് ഫട്‌നാവിസും പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം അജിത് പവാര്‍ ബിജെപി പക്ഷത്തേക്ക് എത്തിയിരിക്കുകയാണ്. അജിത് പവാറിനൊപ്പം എന്‍സിപി എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ച് സര്‍ക്കാരിനെ നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. അജിത് പവാര്‍ ഒരു രാത്രി കൊണ്ട് ബിജെപിക്കൊപ്പം പോകാനുളള കാരണങ്ങളിലൊന്ന് ഈ അഴിമതിക്കേസുകളാണ് എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

കോടികളുടെ കേസുകൾ
കേസുകള്‍ ഭയന്നാണ് അജിത് പവാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത് എന്ന് ശിവസേന അടക്കം ആരോപിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടികളുടെ അഴിമതിക്കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

തെളിവില്ലെന്ന്
മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യമെങ്കിൽ കേസ് റീഓപൺ ചെയ്യാവുന്നതാണെന്നും എസിബി പറയുന്നു. ബിജെപിയെ സഹായിച്ചതിന്അജിത് പവാറിനുളള സമ്മാനമാണിതെന്ന് എന്‍സിപിയും ശിവസേനയും ആരോപിച്ചു.
|
മന്ത്രിയായിരിക്കെ അഴിമതി
ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ കൊങ്കണ്‍, വിദര്‍ഭ മേഖലകളിലെ ജലസേചന പദ്ധതികളില്‍ കോടികളുടെ അഴിമതി നടന്നു എന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. ജന്‍മഞ്ച് എന്ന സന്നദ്ധ സംഘടനയാണ് പരാതിയുമായി മുന്നോട്ട് വന്നത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തി. ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു.

മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്
2018 നവംബറില്‍ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ഭാര്‍വെ പറയുന്നത് അജിത് പവാറിന് അഴിമതിയുടെ ഉത്തരവാദിത്തം ഉണ്ടെന്നാണ്. വളരെ ആസൂത്രിതമായാണ് അഴിമതി നടന്നത് എന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അന്വേഷണം നടക്കുന്നു
ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് ഏകദേശം മൂവായിരത്തോളം ടെന്‍ഡറുകളെ കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട് എന്നും അത് സാധാരണ അന്വേഷണങ്ങള്‍ ആണെന്നും അഴിമതി വിരുദ്ധ വിഭാഗത്തിലെ ഡയറക്ടര്‍ ജനറല്‍ പരംബീര്‍ സിംഗ് എഎന്‍ഐയോട് പ്രതികരിച്ചു. 9 കേസുകളാണ് ഇപ്പോള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. മറ്റുളളവയില്‍ അന്വേഷണം നടക്കുകയാണെന്നും എസിബി തലവന്‍ അറിയിച്ചു.












Click it and Unblock the Notifications