ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. എട്ട് ജവാന്‍മാരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേന സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകള്‍ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ ആണ് സംഭവം. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.
ബസ്തര്‍ മേഖലയിലെ ദൗത്യം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ എസ്യുവിയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് പുലര്‍ച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയില്‍ സുരക്ഷാ സേന മാവോയിസ്റ്റുകളെ ആക്രമിക്കുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന്് ഓട്ടോമാറ്റിക് ആയുധങ്ങളായ എകെ 47, സെല്‍ഫ് ലോഡിംഗ് റൈഫിള്‍സ് എന്നിവ കണ്ടെടുത്തിരുന്നു.

ഈ ഓപ്പറേഷന്‍ കഴഞ്ഞ് മടങ്ങുന്നതിനിടെയാണ് മാവോയിസ്റ്റുകളുടെ പ്രത്യാക്രമണം. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാന്‍ രൂപീകരിച്ച പ്രത്യേക പൊലീസ് യൂണിറ്റായ ജില്ലാ റിസര്‍വ് ഗാര്‍ഡില്‍ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഐഇഡി സ്‌ഫോടനത്തിന്റെ തീവ്രത സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആധിപത്യ മേഖലകളില്‍ സുരക്ഷാ സേന കടന്നുകയറുകയും ആക്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. അതേസമയം മാവോയിസ്റ്റ് ആക്രമണത്തെ ഭീരുത്വമെന്നാണ് ബസ്തറില്‍ നിന്നുള്ള ബിജെപി എംപി മഹേഷ് കശ്യപ് വിശേഷിപ്പിച്ചത്.
'നമ്മുടെ ജവാന്‍മാര്‍ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയാണ്. അതില്‍ നിരാശ പൂണ്ടതോടെയാണ് അവര്‍ ഈ ദൗര്‍ഭാഗ്യകരമായ ആക്രമണം നടത്തിയത്. ഈ സംഭവത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു. 2026 ഓടെ ബസ്തറിനെ മാവോയിസ്റ്റുകളില്‍ നിന്ന് തുടച്ചുനീക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങള്‍ പ്രതികാരം ചെയ്യും,' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications