മണിപ്പൂര്‍ സ്‌ഫോടനം;മരണം 9 ആയി
ഇംഫാല്‍: ഇംഫാലിനടുത്ത് നാഗംപാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ മരിച്ചു. മരിച്ചവരെല്ലാം അന്യ സംസ്ഥാന തൊഴിലാളികളാണ്.
2013 സെപ്റ്റംബര്‍ 13 ന് വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എട്ട് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സ്വകാര്യ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചവര്‍.എല്ലാവരും അസം സ്വദേശികളാണ്.
വെള്ളിയാഴ്ച രാത്രി തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡ്ഡിലെത്തിയ ഒരു സംഘം യുവാക്കള്‍ അവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല. പിന്നീട് തിരിച്ചെത്തിയ യുവാക്കള്‍ ഷെഡ്ഡിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു.

പരിക്കേറ്റവരെ ഇംഫാലിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള തൗഡം ദേവേന്ദ്ര അറിയിച്ചു.മുഖ്യമന്ത്രി ഒക്രം ഇബോബി സിങും ഉപമുഖ്യമന്ത്രിയും ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇംഫാലിലേക്ക് തിരിച്ചു.
വെള്ളിയാഴ്ച ഖുറായ് മേഖലയിലാണ് ആദ്യ ബോംബ് സ്‌ഫോടനമുണ്ടായത്. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. 2013 ജൂണ്‍ 27 നും മണിപ്പൂരില്‍ ബോംബ് സ്‌ഫോടനം നടത്തിരുന്നു. അന്ന് രണ്ട് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications