• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിര്‍ഭയ കേസില്‍ നാല് പ്രതികളെ മരണം വരെ തൂക്കിക്കൊന്നു; ശിക്ഷ നടപ്പിലാക്കിയത് തിഹാര്‍ ജയിലില്‍

 • By Desk

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ നാല് പ്രതികളെ ഒടുവില്‍ തൂക്കിക്കൊന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആണ് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് മേല്‍ നടപ്പിലാക്കിയത്.

cmsvideo
  നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി | Oneindia Malayalam

  മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൂക്കിക്കൊന്നത്. പവന്‍ ജല്ലാദ് എന്ന ആരാച്ചാര്‍ ആണ് വിധി നടപ്പിലാക്കിയത്. മാര്‍ച്ച് 20, പുലര്‍ച്ചെ 5.30 ന് ആണ് ശിക്ഷാ വിധി നടപ്പിലാക്കിയത്. ആരാച്ചാർക്ക് സഹായത്തിന് നാല് പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ മേൽ നോട്ടത്തിൽ ആയിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. നാല് പേരുടേയും ശിക്ഷ ഒരേസമയം ആണ് നടപ്പിലാക്കിയത്.

  പുലർച്ചെ 3.30 ഓടെയാണ് ഹർജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്ത് വരുന്നത്. പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണണം എന്ന ആവശ്യം സോളിസിറ്റർ ജനറൽ തള്ളി. എന്നാൽ അക്ഷയ് സിങ്ങിന് കുടുംബാംഗങ്ങളെ കാണാൻ അവസരമൊരുക്കണം എന്ന് സോളിസിറ്റർ ജനറൽ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. പക്ഷേ, ജയിൽ മാന്വൽ മുൻ നിർത്തി ഈ ആവശ്യം തള്ളിക്കളയുകായിരുന്നു.

  പുലർച്ചെ നാല് മണിയോടെ കോടതി വിധിയുടെ വിശദാംശങ്ങൾ തിഹാർ ജയിലിൽ ഔദ്യോഗികമായി എത്തി. തുടർന്ന് ജയിൽ അധികൃതർ യോഗം ചേർന്നു. ആരാച്ചാർ പവൻ ജല്ലാദും ഈ യോഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷം പ്രതികളുടെ വൈദ്യ പരിശോധന പൂർത്തിയാക്കി. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. പ്രതികൾക്ക് പ്രാർത്ഥിക്കാനായി 10 മിനിട്ട് അനുവദിക്കുകയും ചെയ്തു.

  2012 ഡിസംബര്‍ 16 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങറിയത്. 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയേയും സുഹൃത്തിനേയും ആറംഗ സംഘം ഓടുന്ന ബസ്സില്‍ വച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന സുഹൃത്തിനെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചുവീഴ്ത്തുകയും പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ 29 ന് പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.

  കേസില്‍ ആകെ ആറ് പ്രതികള്‍ ആണ് ഉള്ളത്. ഇതില്‍ ബസ്സ് ഡ്രൈവര്‍ ആയിരുന്ന റാം സിങ് മറ്റൊരു പ്രതിയായ മുകേഷ് സിങ്ങിന്റെ സഹോദരനാണ്. റാം സിങ്ങിനെ തിഹാര്‍ ജയിലിലെ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി.

  കേസില്‍ ഉള്‍പ്പെട്ട ആറാമന്‍ അന്ന് പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ആനന്ദ വിഹാറിലെ ബസ് ടെര്‍മിനലില്‍ നിന്നായിരുന്നു 2012 ഡിസംബര്‍ 21 ന് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതും, അന്ന് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ലാത്ത ഈ പ്രതി തന്നെ ആയിരുന്നു. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ഈ പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ ആണ് നടന്നത്. ഇയാളിപ്പോള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്.

  ഏറെ സങ്കീര്‍ണമായ നിയമ വഴികളിലൂടെ സഞ്ചരിച്ചാണ് ഇപ്പോള്‍ 4 പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്. വിചാരണ കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള ഹര്‍ജികള്‍, പിന്നെ രാഷ്ട്രപതിയ്ക്ക് ഓരോരുത്തരായി സമര്‍പ്പിച്ച ദയാഹര്‍ജികള്‍. അതിന് മേലുള്ള നിയമ പോരാട്ടങ്ങള്‍... ഒടുവില്‍ എല്ലാം അവസാനിച്ചിരിക്കുകയാണ്.

  തങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചു എന്നാണ് വധശിക്ഷയോട് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്.

  English summary
  Nirbhaya Case Execution: The four convicts hanged to death at Tihar Jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X