ജിഎസ്ടി നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് നിര്‍മലാ സീതാരാമന്‍; വിതരണം ചെയ്യുന്നത് 16,982 കോടി രൂപ
2017 ല്‍ ആണ് രാജ്യത്ത് ജി എസ് ടി നടപ്പാക്കിയത്. വരുമാന നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി സംസ്ഥാനങ്ങള്‍ ഇതിന് എതിരായിരുന്നു

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ കൊടുത്ത് തീര്‍ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജി എസ് ടി നഷ്ടപരിഹാര കുടിശ്ശികയായ 16,982 കോടി രൂപയാണ് ഉടന്‍ അനുവദിക്കും എന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.
ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ കണക്ക് അനുസരിച്ച് ഈ തുക നഷ്ടപരിഹാര ഫണ്ടില്‍ ലഭ്യമല്ല. എന്നാല്‍ പോലും ഈ തുക കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം വിഭവങ്ങളില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിവില്‍ നിന്ന് ഇതേ തുക തിരിച്ചുപിടിക്കും എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്കുള്ള നഷ്ടപരിഹാര കുടിശ്ശികയാണ് ഇത്തരത്തില്‍ തീര്‍ക്കാന്‍ പോകുന്നത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ചരക്ക് സേവന നികുതി നിയമം 2017 പ്രകാരമാണ് നടപടി. രാജ്യം ജി എസ് ടിയിലേക്ക് മാറിയത് നിരവധി സംസ്ഥാനങ്ങളെ വരുമാന നഷ്ടത്തിലേക്ക് നയിച്ചിരുന്നു. ഇത് നികത്താന്‍ 2017 ജൂലൈ മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
ടാഗുകള്‍, ട്രാക്കിംഗ് ഉപകരണങ്ങള്‍ ഡാറ്റ ലോഗ്ഗറുകള്‍ എന്നിവയില്‍ ജി എസ് ടി ഒഴിവാക്കാനും ഇന്നത്തെ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നേരത്തെ ഇത് 18 ശതമാനമായിരുന്നു. അതേസമയം കോടതികളും ട്രൈബ്യൂണലുകളും നല്‍കുന്ന സേവനങ്ങള്‍ക്ക് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ നികുതി ചുമത്തും.

വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിനുള്ള ലേറ്റ് ഫീസ് യുക്തിസഹമാക്കി പരിഷ്‌കരിക്കും. പെന്‍സില്‍ ഷാര്‍പ്പനറുകളുടെ ജി എസ ്ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറക്കാനും ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. നേരത്തെ 18 ശതമാനമുണ്ടായിരുന്ന ശര്‍ക്കര പാനിയുടെ ജി എസ് ടി ഒഴിവാക്കി.
2017 ല്‍ ആണ് രാജ്യത്ത് ഏകീകൃത നികുതി എന്ന നിലയില്‍ ജി എസ് ടി നിലവില്‍ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. കഴിഞ്ഞ ജൂണില്‍ ഇത് അവസാനിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications