മോദി മന്ത്രിസഭയിലെ 'കുഞ്ഞ്' ഇതാണ്; മമതയെ വിറപ്പിച്ച പ്രമാണിക്!! ബിജെപിയുടെ പുത്തന്‍ താരോദയം
ദില്ലി: 50 വയസ് വരെയുള്ള മന്ത്രിമാരെ യുവാക്കളുടെ ഗണത്തിലാണ് സാധാരണ ഉള്‍പ്പെടുത്താറ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത നിസിത് പ്രമാണിക് ശരിക്കും യുവാവാണ്. 35 വയസേയുള്ളൂ. മോദി സര്‍ക്കാരിലെ 'കുഞ്ഞ്' ഇദ്ദേഹമാണ്. ഇത്രയും ചെറുപ്രായത്തില്‍ എങ്ങനെ രാജ്യ ഭരണത്തില്‍ പങ്കാളിയാകാന്‍ ഇദ്ദേഹത്തിന് സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ശക്തനും ശാന്തനുമായ പ്രമാണിക് ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലക്കാരനാണ്.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മികച്ച വിജയം നേടിയപ്പോഴും വടക്കന്‍ ബംഗാളില്‍ കാവിക്കൊടി പാറിച്ചത് ഇദ്ദേഹമായിരുന്നു. അറിയാം നിസിത് പ്രമാണികിനെ കുറിച്ച്....
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച പ്രമാണിക്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. കൂച്ച് ബിഹാറില്‍ നിന്ന് 54213 വോട്ടുകള്‍ക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമാണിക് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദിന്‍ഹട്ട മണ്ഡലത്തില്‍ നിന്ന് വെറും 57 വോട്ടുകള്‍ക്ക് ജയിച്ചുകയറി.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു പ്രമാണിക്. 2019 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഗുജറാത്തില്‍ നിന്നുള്ള രണ്ടു പേരെയും ബംഗാളില്‍ പരാജയപ്പെടുത്തുമെന്ന് മമത നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വടക്കന്‍ ബംഗാളില്‍ മമതയുടെ പ്രഖ്യാപനം നടന്നില്ല. കാരണം നിസിത് പ്രമാണിക് ആയിരുന്നു.

സഹമന്ത്രിയായിട്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ നിസിത് പ്രമാണിക് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. കൂച്ച് ബിഹാര്‍ ജില്ലയില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയാണ് ഇദ്ദേഹം. 2019ല്‍ ബിജെപിയുടെ മിഷന്‍ ബംഗാളിന് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് പ്രമാണിക്. തൃണമൂലിനെ തുടച്ച് നീക്കുമെന്ന പ്രമാണികിന്റെ പ്രഖ്യാപനം വടക്കന്‍ ബംഗാളില്‍ നടപ്പായി കഴിഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. 213 സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചു. എന്നാല്‍ വടക്കന്‍ ബംഗാളില്‍ മമതയ്ക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. കൂച്ച് ബിഹാര്‍ ലോക്‌സഭാ മണ്ഡലത്തിലെ 9ല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇത്തവണ ബിജെപി തന്നെ ജയിച്ചു. വടക്കന്‍ ബംഗാള്‍ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കണമെന്നാണ് മേഖലയിലെ ബിജെപി നേതാക്കളുടെ ആവശ്യം.

വടക്കന്‍ ബംഗാള്‍ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന ബിജെപിയുടെ ആവശ്യം പ്രധാനമായും ഉയര്‍ത്തുന്നത് അലിപൂര്‍ദൗറിലെ ബിജെപി എംപി ജോണ്‍ ബര്‍ളയാണ്. നരേന്ദ്ര മോദി സര്‍ക്കാരിലെ പുതിയ മന്ത്രിസഭയില്‍ ബര്‍ളയ്ക്കും പ്രമാണികിനും അവസരം നല്‍കിയിട്ടുണ്ട്. ഇത് മമതയ്ക്കുള്ള ഒരു സന്ദേശമാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗാളിന്റെ മാപ്പില്‍ ബിജെപിക്ക് സ്വാധീനമുള്ള പ്രദേശം അടയാളപ്പെടുത്തിയാല്‍ പ്രമാണികിന്റെ നാട് മാത്രം കാവി നിറയും. കൊല്‍ക്കത്തയില്‍ നിന്ന് വിട്ടുപോകാന്‍ കൊതിക്കുന്ന നാടായിട്ടാണ് കൂച്ച് ബിഹാറിനെയും വടക്കന്‍ ബംഗാളിനെയും ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കാറ്. രാജ്‌ബോങ്ഷി ജാതിയില്‍പ്പെട്ട ആദ്യ കേന്ദ്രമന്ത്രിയാണ് പ്രമാണിക്.

നിസിത് പ്രമാണികിന്റെ വളര്‍ച്ച ബിജെപി കേന്ദ്ര നേതൃത്വം വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. മേഖലയില്‍ മമതയെ ചെറുക്കാന്‍ ശേഷിയുള്ള ഒരു യുവനേതാവ് ആവശ്യമാണെന്ന് ബിജെപി നേതൃത്വം കരുതുന്നു. അവിടെയാണ് പ്രമാണികിന്റെ വളര്‍ച്ച. ഇപ്പോള്‍ ചെറിയ പ്രായത്തില്‍ കേന്ദ്രമന്ത്രി കൂടിയാകുമ്പോള്‍ അദ്ദേഹത്തിന് വലിയ പടവുകള്‍ ചവിട്ടി കയറാന്‍ എളുപ്പമാണെന്ന് വിലയിരുത്തപ്പെടുന്നു.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications