Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഇ20 പെട്രോൾ വേണ്ടാത്തവർക്ക് കാശ് കൂടുതൽ കൊടുത്ത് സാധാ പെട്രോൾ അടിക്കാം"; നിതിൻ ഗഡ്കരി

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും കേന്ദ്ര സർക്കാരും ഏറെ പ്രൊമോട്ട് ചെയ്യുന്ന ഒന്നാണ് എഥനോൾ ചേർത്ത പെട്രോൾ അഥവാ 'ഇ20' ഇന്ധനം. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിപക്ഷത്തുനിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഈ ഇന്ധനം അടിച്ചാൽ വാഹനങ്ങളുടെ എൻജിൻ അടിച്ചുപോകുമെന്നും, മൈലേജ് വലിയ രീതിയിൽ കുറയുമെന്നും, ഇതിന് പിന്നിൽ ഗഡ്കരിക്ക് സ്വന്തം താല്പര്യങ്ങൾ ഉണ്ടെന്നുമാണ് പ്രധാന ആരോപണങ്ങൾ. ഇപ്പോഴിതാ, ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഈ വിഷയങ്ങളിലെല്ലാം കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് നിതിൻ ഗഡ്കരി.

"എൻജിൻ കേടാകുമെന്നത് വെറും കള്ളം!"

എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിച്ചാൽ വണ്ടിയുടെ എൻജിൻ തകരാറിലാകും എന്ന പ്രചാരണം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് ഗഡ്കരി വ്യക്തമാക്കുന്നു. ഇ10 ഇന്ധനം ഉപയോഗിക്കാൻ പറ്റുന്ന എല്ലാ വണ്ടികളിലും ധൈര്യമായി ഇ20 ഉപയോഗിക്കാം. ഇതുവരെ ഒരു എൻജിൻ പോലും ഇതുമൂലം കേടായതായി പരാതി വന്നിട്ടില്ല. മാരുതി സുസുക്കി അടക്കമുള്ള പ്രമുഖ കമ്പനികൾ തന്നെ ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്. വണ്ടികൾക്ക് കമ്പനികൾ ഗ്യാരണ്ടി നൽകുന്നുമുണ്ട്. ഓഫീസുകളിൽ ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്ന ആർക്കെങ്കിലും ഇതുവരെ പ്രശ്നം വന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കാൻ പറഞ്ഞിട്ടും ഇതുവരെ ഒരു പരാതി പോലും കിട്ടിയിട്ടില്ല.

nitin-gadkari-81631784095860 jpg

മൈലേജിന്റെ കാര്യത്തിൽ ചെറിയൊരു കുറവുണ്ടാകുമെന്നത് ഗഡ്കരി സമ്മതിക്കുന്നുണ്ട്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് കലോറി മൂല്യം കുറവായതുകൊണ്ട് ഹൈവേകളിൽ വേഗതയിൽ പോകുമ്പോൾ മൈലേജിൽ ചെറിയ വ്യത്യാസം വന്നേക്കാം, എന്നാൽ ഡൽഹിയിലെയോ മുംബൈയിലെയോ സിറ്റി ട്രാഫിക്കിൽ ഇത് വലിയ മാറ്റമുണ്ടാക്കില്ല. ഇനി ആർക്കെങ്കിലും എഥനോൾ ചേർത്ത പെട്രോൾ വേണ്ടെങ്കിൽ അവർക്ക് 100% ശുദ്ധമായ പെട്രോൾ അടിക്കാം, പക്ഷേ അതിന് കൂടുതൽ പണം നൽകേണ്ടി വരുമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

"എന്റെ മക്കൾക്ക് ഇതിൽ ചെറിയ ബിസിനസ് മാത്രം"

എഥനോൾ പദ്ധതി വഴി ഗഡ്കരിയുടെ കുടുംബം വലിയ ലാഭമുണ്ടാക്കുന്നു എന്ന ആരോപണത്തിനും അദ്ദേഹം കൃത്യമായ മറുപടി നൽകി. ഈ പദ്ധതി പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. വാജ്പേയി സർക്കാരിന്റെ കാലത്ത് തുടങ്ങിയതും യുപിഎ ഭരണകാലത്ത് മണിശങ്കർ അയ്യർ അടക്കമുള്ളവർ പാർലമെന്റിൽ പിന്തുണച്ചതുമായ പദ്ധതിയാണിത്. തന്റെ മക്കൾ നടത്തുന്ന ഷുഗർ ഫാക്ടറിക്ക് രാജ്യത്തെ ആകെ എഥനോൾ ബിസിനസിന്റെ വെറും 0.5 ശതമാനത്തിൽ താഴെ പങ്ക് മാത്രമാണുള്ളത്. അവരുടെ ബിസിനസിന് നിലവിൽ 1600 കോടി രൂപയുടെ കടമുണ്ട്. ഇതിന്റെ വില നിശ്ചയിക്കുന്നതോ വാങ്ങുന്നതോ പെട്രോളിയം മന്ത്രാലയവും ക്യാബിനറ്റുമാണ്, തനിക്ക് അതിൽ യാതൊരു സ്വാധീനവുമില്ല.

ഡൽഹി പോലുള്ള നഗരങ്ങളിൽ വായുമലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ കാരണമാണ്. മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ വമ്പൻ എണ്ണ ഇറക്കുമതി ചിലവ് വെട്ടിച്ചുരുക്കാനുമാണ് താൻ ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ, എഥനോൾ, മെഥനോൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിമ്പിൽ നിന്ന് മാത്രമല്ല, ബിഹാറിലെയും യുപിയിലെയും കർഷകരെ സഹായിക്കാൻ ചോളത്തിൽ നിന്നും, അസമിൽ മുളയിൽ നിന്നും, പഞ്ചാബിലെ വൈക്കോലിൽ നിന്നും എഥനോൾ ഉണ്ടാക്കുന്നുണ്ട്. ബ്രസീലിലും തായ്‌ലൻഡിലുമൊക്കെ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും അവിടെയൊന്നും വണ്ടികൾക്ക് ഒരു കുഴപ്പവുമില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ദേശീയപാതകളുടെ നിർമ്മാണ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മോശം നിർമ്മാണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+