"അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണ്"; കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ഗഡ്കരി
നാഗ്പൂര്‍: കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് ക്ഷണം വന്നിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. ഒരു രാഷ്ട്രീയ നേതാവ് തനെ കോണ്‍ഗ്രസില്‍ ചേരാനായി ക്ഷണിക്കുകയായിരുന്നു. ആ പാര്‍ട്ടിയില്‍ അംഗമാകുന്നതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരുകളേക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ഗഡ്കരി അവകാശപ്പെട്ടു. കഴിഞ്ഞ 60 വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് ചെയ്തതിനേക്കാള്‍ ഇരട്ടി കാര്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം കൊണ്ട് ചെയ്തുവെന്നും ഗഡ്കരി അവകാശപ്പെട്ടു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ഗഡ്കരി നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ചത്. ബിജെപിയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതും, ഉയര്‍ച്ച-താഴ്ച്ചകളുമെല്ലാം അദ്ദേഹം സംസാരിച്ചു. "കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീകാന്ത് ജിച്ച്കറാണ് തനിക്ക് പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ നല്‍കിയത്. നിങ്ങളൊരു നല്ല പാര്‍ട്ടി പ്രവര്‍ത്തകനും", നേതാവുമാണെന്ന് അദ്ദേഹം പറഞ്ഞു.
"നിങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍, ഭാവി ശോഭനീയമായിരിക്കുമെന്നും ജിച്ച്കര്‍ തന്നോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ബിജെപിയിലും, അതിന്റെ പ്രത്യയശാസ്ത്രത്തിലും തനിക്ക് വലിയ വിശ്വാസം" ഉണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
തന്റെ ചെറുപ്പത്തിലേ മൂല്യവത്തായ കാര്യങ്ങള്‍ പറഞ്ഞുതന്നത് ആര്‍എസ്എസാണ്. അവര്‍ക്കാണ് എല്ലാ ക്രെഡിറ്റും നല്‍കുക. എബിവിപിയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ ആ ആശയങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്ന് ഗഡ്കരി പറയുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ കാര്യമെടുത്താല്‍, ആ പാര്‍ട്ടി ഉണ്ടായ ശേഷം നിരവധി തവണ പിളര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ ചരിത്രം മറന്നുപോകരുത്. ഭാവിയിലേക്ക് അതില്‍ നിന്ന് പഠിക്കാനുണ്ട്. 60 വര്‍ഷത്തെ ഭരണകാലയളവില്‍ ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍ വ്യക്തിതാല്‍പര്യത്തിന് വേണ്ടിയാണ് അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതെന്നും ഗഡ്കരി തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗഡ്കരി പ്രശംസിച്ചു. അദ്ദേഹത്തിന് ഒരു കാഴ്ച്ചപ്പാടുണ്ട്. ഇന്ത്യയെ ശക്തമായ സാമ്പത്തിക സൂപ്പര്‍ പവറാക്കുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭാവി ശോഭനീയമാണ്.
മോദി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷം നോക്കിയാല്‍ അറിയാം, കോണ്‍ഗ്രസിന് 60 വര്‍ഷം എടുത്തിട്ടും സാധിക്കാതിരുന്ന അത്രയും വികസന പ്രവര്‍ത്തനങ്ങളാണ്, വെറും 9 വര്‍ഷ കാലയളവ് കൊണ്ട് നേടിയെടുത്തത്.താന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുപിയിലായിരുന്നു. 2024ലോടെ അവിടെയുള്ള റോഡുകള്‍ യുഎസ്സിന് സമാനമായി മാറുമെന്ന് ജനങ്ങളോട് പറഞ്ഞുവെന്നും ഗഡ്കരി വ്യക്തമാക്കി.












Click it and Unblock the Notifications