മോഡിയെ തടയാന്‍ നിതീഷ് പോര: റാബ്രി
പട്‌ന: നരേന്ദ്ര മോഡിയെ തയാനുള്ള ധൈര്യമൊന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ റാബ്രി ദേവി. എല്‍ കെ അദ്വാനിയുടെ രഥയാത്രയെ തടയാന്‍ ലാലു പ്രസാദ് യാദവ് ധൈര്യം കാണിച്ചിരുന്നു. എന്നാല്‍ നിതീഷ് കുമാറിന് അത്ര ധൈര്യം പോര.
ആര്‍ ജെ ഡി വക്താവ് രണ്‍ധീര്‍ യാദവിലൂടെയാണ് റാബ്രി ദേവി മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ പരാമര്‍ശം നടത്തിയത്. ലക്ഷ്മണ്‍പൂര്‍ കൂട്ടക്കൊല, ചപ്രയിലെ ഉച്ചഭക്ഷണ ദുരന്തം തുടങ്ങിയ വിഷയങ്ങളിലും റാബ്രി ദേവി നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

നിതീഷ് കുമാറിനെ മാത്രമല്ല, ബി ജെ പിയെയും റാബ്രി വെറുതെ വിട്ടില്ല. നരേന്ദ്ര മോഡിക്ക് ബിഹാറില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയില്ല. ഭര്‍ത്താവായ ലാലു പ്രസാദ് യാദവ് ജയിലിലായതിനായാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക റാബ്രിയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
മുഖ്യമന്ത്രിയായിരിക്കേ ലാലു പ്രസാദ് യാദവ് എല്‍ കെ അദ്വാനിയുടെ രഥയാത്രയെ ബിഹാറില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെ പരാമര്‍ശിച്ചാണ് റാബ്രി ദേവി നിതീഷ് കുമാറിനെ കളിയാക്കിയത്. നരേന്ദ്ര മോഡിയുമായി കടുത്ത അഭിപ്രായവ്യത്യാസമുള്ള നേതാവായാണ് നിതീഷ് കുമാര്‍ അറിയപ്പെടുന്നത്.
മോഡിയെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലകള്‍ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നിതീഷ് കുമാറിന്റെ ജെ ഡി യു എന്‍ ഡി എ വിട്ടിരുന്നു.












Click it and Unblock the Notifications