ഡോക്ടറുടെ നിഖാബ് വലിച്ചുതാഴ്ത്തി നിതീഷ് കുമാര്‍; വിമര്‍ശനം, കടുത്ത ഭാഷയില്‍ നടി സൈറ വസീം
പട്‌ന: വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുതാഴ്ത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടി വിവാദത്തില്‍. സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനിടെയാണ് ആയുഷ് ഡോക്ടറുടെ മുഖാവരണം മുഖ്യമന്ത്രി പിടിച്ചുതാഴ്ത്തിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് നിതീഷ് കുമാറിനെതിരെ ഉയരുന്നത്. സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി ചെയ്തത് എന്ന് മിക്കവരും വിമര്‍ശിച്ചു.
മുഖ്യമന്ത്രി ഹിജാബ് വലിച്ച വേളയില്‍ യുവതിയുടെ മുഖം വെളിവായിരുന്നു. ഇത് കണ്ട് വേദിയിലുണ്ടായിരുന്ന ചിലര്‍ ചിരിക്കുകയും ചെയ്തു. ഈ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്. സംഘപരിവാര്‍ മനസ് നിതീഷ് കുമാറിനും വന്നോ എന്ന് ആര്‍ജെഡി നേതാക്കള്‍ കുറ്റപ്പെടുത്തി. മാന്യതയില്ലാതെ മുഖ്യമന്ത്രി പെരുമാറി, മതവിശ്വാസങ്ങള്‍ അപമാനിക്കപ്പെട്ടു തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് നടി സൈറ വസീം രംഗത്തുവന്നത്. എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാണ് നിതീഷ് കുമാറില്‍ നിന്ന് ഉണ്ടായത് എന്ന് സൈറ വിമര്‍ശിച്ചു. അധികാരമുണ്ട് എന്ന് കരുതി പരിധി വിടരുത്. മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണം എന്നും സൈറ വസീം ആവശ്യപ്പെട്ടു. അമീര്‍ ഖാന്‍ നായകനായ ദംഗല്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ നടിയാണ് സൈറ വസീം.
'ഒരു സ്ത്രീയുടെ അന്തസ്സും മാന്യതയും കളിക്കാനുള്ള ഉപകരണങ്ങളല്ല. ഒരു പൊതുവേദിയില്‍ തീര്‍ച്ചയായും അങ്ങനെയല്ല. ഒരു മുസ്ലീം വനിതയെന്ന നിലയില്‍, മറ്റൊരു സ്ത്രീയുടെ നിഖാബ് നിസാരമായി വലിച്ചുതാഴ്ത്തുന്നതും നിസംഗ ഭാവത്തിലുള്ള ചിരിയും കണ്ടപ്പോള്‍ ഞാന്‍ രോഷാകുലയായി. അധികാരം അതിരുകള്‍ ലംഘിക്കാന്‍ അനുവാദം നല്‍കുന്നില്ല. നിതീഷ് കുമാര്‍ ആ സ്ത്രീയോട് ഉപാധികളില്ലാത്ത ഒരു മാപ്പ് പറയണം,' സൈറ എക്‌സില്‍ കുറിച്ചു.
കുറച്ചുകാലം മാത്രമാണ് സൈറ വസീം സിനിമാ രംഗത്ത് സജീവമായിരുന്നത്. പിന്നീട് അവര്‍ അഭിനയം നിര്‍ത്തുകയാണ് എന്ന് അറിയിച്ചിരുന്നു. വിശ്വാസപരമായ കാരണങ്ങളാലാണ് സിനിമ വിടുന്നതെന്നും കശ്മീരില്‍ നിന്നുള്ള ഈ താരം വ്യക്തമാക്കി. അടുത്തിടെ സൈറ വസീമിന്റെ വിവാഹം കഴിഞ്ഞ വാര്‍ത്തകള്‍ വന്നിരുന്നു. നിക്കാഹിന്റെ ചിത്രങ്ങള്‍ അവര്‍ പങ്കുവയ്ക്കുകയും ചെയ്തു.
നിതീഷ് കുമാറിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ നിതീഷ് കുമാറിന്റെ നടപടി ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു. മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. എന്നാല്‍, നിതീഷ് കുമാറോ അദ്ദേഹത്തിന്റെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദേശീയ തലത്തില്‍ പല പ്രമുഖരും നിതീഷിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ മാസമാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായതും. ബിജെപി-ജെഡിയു സഖ്യസര്‍ക്കാരാണ് ബിഹാറില്‍ ഭരണം നടത്തുന്നത്. പ്രതിപക്ഷമായ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications