മോദിയുടെ കാലിൽ വീഴാൻ കുനിഞ്ഞ് നിതീഷ്, തടഞ്ഞ് മോദി; 'എൻഡിഎയ്ക്ക് പൂർണ പിന്തുണ'
ഡൽഹി: എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിനിടെ നരേന്ദ്രമോദിയുടെ കാൽ തൊട്ട് വണങ്ങാൻ ഒരുങ്ങി ജെ ഡി യു നേതാവ് നിതീഷ് കുമാർ. കുനിഞ്ഞ് കാൽ തൊടാൻ ശ്രമിക്കുകയും മോദി നിതീഷിനെ തടയുകയു ചെയ്യുന്ന വീഡിയോ വൈറലാകുന്നുണ്ട്. യോഗത്തിൽ എൻഡിഎയ്ക്ക് പൂർണ പിന്തുണ ഉറപ്പ് നൽകിയ നിതീഷ് ഇന്ത്യ സഖ്യം രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും വിമർശിച്ചു.
'നമ്മൾ എല്ലാവരും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് നല്ലകാര്യമാണ്. നിങ്ങൾ ഞായറാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, പക്ഷേ ഇന്ന് തന്നെ അത് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.മോദിയോടൊപ്പം തന്നെ ഞങ്ങൾ ചേർന്ന് പ്രവർത്തിക്കും.നിങ്ങൾക്കൊപ്പം എല്ലാ കാലത്തും ഞങ്ങൾ ഉറച്ച് നിൽക്കും. അവിടേയും ഇവിടേയുമൊക്കെയായി കഷ്ടിച്ച് വിജയിച്ചവർ അടുത്ത തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിക്കും', നിതീഷ് കുമാർ പറഞ്ഞു.

അതേസമയം മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും.ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ബി ജെ പി നേതാവ് പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോദിയെ എൻഡിഎ നേതാവായി പാർലമെന്ററി പാർട്ടി സമ്മേളനം അംഗീകരിച്ചു. പ്രതിരോധന മന്ത്രി രാജ്നാഥ് സിങാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു. നിതീഷ് കുമാറിനെ കൂടാതെ ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു,ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, അനുപ്രിയ പട്ടേൽ, പവൻ കല്യാൺ തുടങ്ങി സഖ്യകക്ഷി നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു.
ഭരണഘടനയെ വണങ്ങിയാണ് മോദി യോഗത്തിന്റെ വേദിയിലേക്ക് കടന്ന് വന്നത്. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും മതസമത്വത്തിൽ തങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. '2019-ല്‍ സമാനമായ അവസരത്തിലും ഞാന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്..ഇന്ന് എന്നെ വീണ്ടും നിങ്ങൾ നേതാവായി തിരഞ്ഞെടുക്കുമ്പോൾ നമ്മുക്കിടയിലെ വിശ്വാസം ശക്തമാണ് എന്നാണ് തെളിയിക്കുന്ന്. ഈ ബന്ധം വിശ്വാസത്തിൻ്റെ ശക്തമായ അടിത്തറയിലാണ്, ഇതാണ് ഏറ്റവും വലിയ സ്വത്ത്', മോദി പറഞ്ഞു.
ഇന്ത്യ സഖ്യത്തേയും മോദി രൂക്ഷമായി വിമർശിച്ചു. എൻഡിഎ പരാജയപ്പെട്ടെന്നാണ് നേതാക്കൾ പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ഇന്നലെയും എൻഡിഎയാണ് ഭരിച്ചത്. ഇന്നും എൻഡിഎയാണ് ജയിച്ചത്. നാളെയും എൻഡിഎ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും 10 വർഷം എടുത്താലും കോൺഗ്രസിന് നൂറ് സീറ്റ് നേടാൻ സാധിക്കില്ലെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications