''നിതീഷ് കുമാറിന്റെ വരവ് ബിജെപിക്ക് തിരിച്ചടിയാകും'', ഇന്ത്യ സഖ്യത്തിന് നേട്ടവുമെന്ന് കെജ്രിവാൾ
ന്യൂ ഡല്‍ഹി: ഇന്ത്യ മുന്നണി വിട്ട് എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മൃദു പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിതീഷ് കുമാര്‍ ചെയ്തത് തെറ്റാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഈ പ്രവര്‍ത്തി ശരിയല്ല, കെജ്രിവാള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നിതീഷ് കുമാര്‍ ഇന്ത്യ സഖ്യത്തിന്റെ പാലം വലിച്ച് ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്.
'ഇത് തെറ്റാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം വിട്ട് പോകാന്‍ പാടില്ലായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ജനാധിപത്യത്തില്‍ ഭൂഷണമല്ല. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയോളം ഇത് എന്‍ഡിഎയ്ക്ക് വലിയ നഷ്ടവും ഇന്ത്യ സഖ്യത്തിന് നേട്ടവും ആണ് ഉണ്ടാക്കുക,'അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

പ്രതിപക്ഷത്തെ പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യ സഖ്യം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാക്കളില്‍ ഒരാളായിരുന്നു നിതീഷ് കുമാര്‍. അദ്ദേഹം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയും കെജ്രിവാള്‍ അടക്കമുളള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസിനോട് എതിര്‍പ്പുളള പ്രതിപക്ഷ പാര്‍ട്ടികളെ ഇന്ത്യ സഖ്യത്തില്‍ എത്തിക്കുന്നതില്‍ പ്രധാന റോള്‍ നിതീഷ് കുമാറിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ കെജ്രിവാളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷനായി പരിഗണിക്കപ്പെട്ട നേതാവ് കൂടിയാണ് നിതീഷ് കുമാര്‍. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുളള നേതാവ് വേണമെന്ന നിര്‍ദേശം ആയിരുന്നു നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചത് എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിന്റെ ഈ മലക്കം മറിച്ചില്‍ ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്ന പാര്‍ട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സഖ്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
നവംബറില്‍ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി വിജയിച്ചു. ഇതോടെ നിതീഷ് കുമാര്‍ അടക്കമുളള പ്രതിപക്ഷ നിരയിലെ നേതാക്കള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളില്‍ ഇഴയുകയാണ് ഇന്ത്യ സഖ്യമെന്നും കോണ്‍ഗ്രസിനെതിരെ നിതീഷ് വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. നിതീഷ് കുമാറിന്റെ വരവോടെ എൻഡിഎ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ കരുത്തരും ഇന്ത്യ സഖ്യം കൂടുതൽ ദുർബലരുമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications