നിതീഷിന്റെ ആ വീഡിയോ കാര്യങ്ങള്‍ മാറ്റിമറിച്ചു; സുശാസൻ ബാബുവിന് ചുറ്റും കോട്ട കെട്ടിയത് ഇവര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന മേഖലയാണ് ബിഹാര്‍ ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയ ഭൂമി. അവിടെ നിന്നു വരുന്ന ഏത് സന്ദേശവും അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഏറെ പ്രാധാന്യം ഉള്ളതും ദൂരവ്യാപക ഫലം ഉളവാക്കുന്നതുമാണ്. നാല് ഘടകങ്ങളാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ വ്യത്യസ്തമാക്കുന്നത്.
1.ഒന്നാമത്തെ ഘടകം സഖ്യസര്‍ക്കാരുകള്‍ക്ക് ഉറച്ച തുടര്‍ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന സന്ദേശം നല്കി എന്നതാണ്. ഒരു ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പാണ് ആ ചുവരെഴുത്ത് ആദ്യം നല്‍കിയത്. അത് യാദൃശ്ചികമല്ലെന്ന് ഇന്നത്തെ ബിഹാര്‍ ഫലം തെളിയിക്കുന്നു.

2010ലെ തെരഞ്ഞെടുപ്പ് ഫലത്തെ ഓര്‍മിപ്പിക്കുന്ന വിധിയെഴുത്താണ് ഇത്തവണ ബിഹാറില്‍ ഉണ്ടായിരിക്കുന്നത്. 2005ലാണ് ലാലു യുഗത്തെ തകര്‍ത്തെറിഞ്ഞ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കുന്നത്. 2010ല്‍ എത്രമാത്രം ജനപ്രീതി ആ പദവിയില്‍ ഇരുന്ന് നിതീഷിന് നേടിയെടുക്കാന്‍ കഴിഞ്ഞോ അതിനു തുല്യമായ പിന്തുണയാണ് ഇത്തവണ നിതീഷിന് കിട്ടിയിരിക്കുന്നത്. അതും നിതീഷാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള തങ്ങളുടെ മുഖമെന്ന് പറയാന്‍ മോദിയും അമിത് ഷായും ബോധപൂര്‍വം മടിച്ച ഒരു മത്സരത്തില്‍. നിതീഷ് തന്നെയാണ് തങ്ങളുടെ ചോയ്സെന്ന് ഇരുനേതാക്കള്‍ക്കും ബിഹാര്‍ ഒരിക്കല്‍ക്കൂടി മറുപടി നല്കിയിരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഏതാണ്ട് ഇരട്ടി സീറ്റുകള്‍ ജെഡിയു നേടിയത് സവിശേഷമായ ഈ നിതീഷ് ഫാക്ടറിലൂടെയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിതീഷ് പുറത്തിറക്കിയ നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം ബിഹാറിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച തനിക്ക് ഒരു അവസരം കൂടി ചോദിച്ചുകൊണ്ടുള്ളതായിരുന്നു. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. പല വമ്പന്മാരുടെയും അപമാനകരമായ പിടിയിറക്കങ്ങള് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടിട്ടുള്ളതാണ്. അത്തരമൊരു കുടില നീക്കത്തിന് നിതീഷിനെ വിട്ടുകൊടുക്കാന്‍ ബിഹാര്‍ ജനത തയ്യാറായില്ലെന്നു തന്നെ വേണം വിലയിരുത്താന്‍.
അതില്‍ പ്രധാനമായത് നിതീഷിനെ എന്നും പിന്തുണച്ച സ്ത്രീ വോട്ടര്‍മാര്‍ തന്നെയായിരുന്നെന്ന് നിസംശയം പറയാം. ബിഹാര്‍ കണ്ട എക്കാലത്തേയും വലിയ പോളിംഗായിരുന്നു ഇത്തവണത്തേത്. 66.91%. അതുപോലെ തന്നെ പ്രധാനമായിരുന്നു അതിലെ ജെന്‍ഡര്‍ ഘടകം. കഴിഞ്ഞ തവണത്തേക്കാള്‍ 10% സ്ത്രീ വോട്ടര്‍മാരാണ് ഇത്തവണ അധികമായി വോട്ട് രേഖപ്പെടുത്തിയത്. ഏതാണ് നാല് ലക്ഷത്തോളം അധികം. ആ സംഖ്യ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നല്ല മനസിലാക്കേണ്ടത്. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് ഒരു ജെന്‍ഡര്‍ രാഷ്ട്രീയമായി തീരുമാനം എടുത്തു എന്നതാണ്. അത് ഫലം കാണുക തന്നെ ചെയ്തു. നിതീഷ് ഭരണത്തിന്റെ നേട്ടം നേരിട്ട് അനുഭവിച്ചവരാണ് ബിഹാറിലെ സ്ത്രീ വോട്ടര്‍മാര്‍. ഒരു ചെറിയ കണക്കു മാത്രം പറയാം. 2020ല്‍ വിവിധ മൈക്രോ ഫിനാന്‍സ് സംവിധാനങ്ങള്‍ വഴി സ്ത്രീകള്‍ക്ക് കിട്ടിയിരുന്ന തുക 5000 കോടിയായിരുന്നു. എന്നാല്‍ 2023 ആകുമ്പോഴേയ്ക്ക് അത് അമ്പതിനായിരം കോടിയായിട്ടാണ് ഉയര്‍ന്നത്. പത്തിരട്ടി അധിക ലോണ്‍ നല്കിയെന്നല്ല ഈ കണക്കിനെ കാണേണ്ടത്. സ്ത്രീ പ്രാതിനിധ്യത്തിന് പത്തിരട്ടി വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്നാണ്.
ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പ് വിധിയെ ഏറ്റവും കാര്യമായി സ്വാധീനിച്ചത് വോട്ടെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് പ്രഖ്യാപിച്ച പതിനായിരം രൂപയാണെന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്നുണ്ടല്ലോ. മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന. 2023ല്‍ എത് തെരഞ്ഞെടുപ്പാണ് ഉണ്ടായിരുന്നത്. അപ്പോള്‍ സസ്റ്റെയിനബിള്‍ അഥവാ സുസ്ഥിരം എന്നു പറയാവുന്ന ഒരു ജെന്‍ഡര്‍ എക്കണോമിക് ക്ലാസിനെ രൂപപ്പെടുത്തിയെടുക്കാന്‍ നിതീഷ് ആദ്യം മുതലേ ശ്രമിച്ചിരുന്നെന്ന് അംഗീകരിക്കുക തന്നെ വേണം.

വാദ്ഗാനം പാലിക്കുക എന്നത് രാഷ്ട്രീയത്തില്‍ പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് സൗജന്യ സ്വഭാവത്തില്‍ നിന്ന് അതിനെ പുനരുല്പാദന ശേഷിയുള്ള ഒരു സാമൂഹ്യ സംവിധാനമാക്കി മാറ്റുക എന്നത്. നിതീഷിന്റെ സ്ത്രീ സൗഹൃദ പദ്ധതികളെല്ലാം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്നത് അതുകൊണ്ടാണ്. മറ്റിടങ്ങളില്‍ അത് ഒറ്റത്തവണ കൈയില്‍ കിട്ടുന്ന തുകകള്‍ മാത്രമാകുമ്പോള്‍ ബിഹാറിലെ സ്ത്രീ അതില്‍ നിന്ന് പുതിയ ജീവിതത്തിനാണ് അടിത്തറ പണിയുന്നത്. അതിപ്പോള്‍ സ്കൂളിലെത്താനുള്ള സൈക്കിളായാലും കോളേജില്‍ എത്തുമ്പോള്‍ കിട്ടുന്ന ഫീസ് ഇളവും കമ്പ്യൂട്ടറുമായാലും പിന്നെ പോലീസ് സേനയിലെ സംവരണമായാലും അതുപിന്നെ മുഴുവന സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്ക് വ്യാപിപ്പിക്കുമ്പോഴായാലും ഘട്ടം ഘട്ടമായി ഒരു സാമൂഹ്യശക്തിയെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അങ്ങനെയൊരു ജെന്‍ഡര്‍ അഡ്മിനിസ്ട്രേറ്റീവ് റിഫോം നാളിതുവരെ നാം കണ്ടിട്ടില്ല. അവരാണ് സുശാന് ബാബുവിനെ അപമാനിച്ചു പുറത്താക്കാന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നിതീഷിനെ ഇത്തവണ കോട്ട പോലെ കാത്തുരക്ഷിച്ച ബിഹാറി പെണ്‍കരുത്ത്.
ശരിയാണ്. മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യന്‍ സ്ത്രീയെ മോദി സര്‍ക്കാര്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. വെളിയിട വിസര്‍ജനമെന്ന ദുരന്തത്തില്‍ നിന്ന് ശൗചാലയം ഉറപ്പാക്കിയപ്പോള്‍ ഒരു ഉത്തരേന്ത്യന്‍ സ്ത്രീയെ സംബന്ധിച്ച് അവസാനിച്ചത് എന്താണ്. ഒരു പകല്‍ മുഴുവന്‍ അനുഭവിക്കേണ്ടി വന്നിരുന്ന ജീവിത ദണ്ഡനത്തില്‍ നിന്നുള്ള മോചനമായിരുന്നു അത്. സ്വച്ഛഭാരതിന് അങ്ങനെയൊരു ജെന്‍ഡര്‍ മുഖമുണ്ടെന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക. വിറകടുപ്പുകളില്‍ നിന്നുള്ള മോചനമായി വന്നതല്ലേ ഉജ്ജ്വല യോജന. ലഖ്പതി ദീദിയിലേയ്ക്കും മുദ്രാ ലോണിന്റെ 55% സ്ത്രീ പ്രാതിനിധ്യത്തിലേയ്ക്കും ഒക്കെയായി അതു വളരുന്നതാണ് നാം പിന്നീട് കണ്ടത്. ഇവിടെയും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇത്തരം പദ്ധതികള്‍ സ്ത്രീ സംരംഭകത്വത്തിലേയ്ക്ക് മാറിയെന്നു കാണാം. നിതീഷിനെ പോലെ ആദ്യം മുതല്ക്കു തന്നെയല്ലെങ്കിലും.
ദേശീയ തെരഞ്ഞെടുപ്പില്‍ മോദിയുടെ തുടര്‍ഭരണം ഉറപ്പാക്കുന്നതില്‍ ഈ പദ്ധതികള്‍ എത്ര വലിയ പങ്കാണ് വഹിച്ചതെന്ന് കണ്ടതാണല്ലോ. അതുതന്നെയാണ് ബിഹാറില്‍ ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരിക്കുന്നതും. അതുകൊണ്ട് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് സൗകര്യപൂര്‍വം എടുത്തു മാറ്റിയ മോദി-ഷാ തന്ത്രം ബിഹാറില്‍ വിലപ്പോകില്ല. ശിവരാജ് സിംഗ് ഇല്ലെങ്കിലും സ്ത്രീ സൗഹൃദ പദ്ധതികള്‍ നടപ്പാകും. എന്നാല്‍ ആദ്യം നിതീഷും പിന്നെ മോദി തന്നെയും നടപ്പാക്കുന്ന സൗജന്യത്തിനു പകരം സംരംഭകത്വമെന്ന രീതി തുടരാന്‍ മോദിയും നിതീഷും അവരവരുടെ കസേരകളില്‍ തന്നെ തുടര്‍ന്നും ഉണ്ടാകണം. നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കി സഖ്യസര്‍ക്കാരെന്ന നിലയില്‍ ഒത്തൊരുമയോടെ പോകാന്‍ മോദിയേയും ഷായേയും നിര്‍ബന്ധിതരാക്കുന്ന ഫലം തന്നെയാണ് അതുകൊണ്ട് ബിഹാര്‍ നല്‍കിയിരിക്കുന്നത്.

2. രണ്ടാമത്തെ ഘടകം പ്രതിപക്ഷത്തിന്റെ ഒത്തൊരുമ എന്നതില്‍ ബിഹാറിലെ വോട്ടര്‍മാര്‍ പ്രകടിപ്പിച്ച സംശയമാണ്. ആര്‍ജെഡിയും കോണ്‍ഗ്രസുമാണ് ഐക്യ സന്ദേശം നല്കാന് ഏറ്റവും ഉത്തരവാദപ്പെട്ടവര്‍. അവര്‍ക്ക് അത് നിറവേറ്റാന്‍ കഴിഞ്ഞോ. പ്രതിപക്ഷത്തിന്റെ ഐക്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളില്‍ പരിഹസിക്കുക മോദിയുടെ പതിവാണ്. എന്നാല്‍ അതല്ല പ്രതിപക്ഷത്തിന്റെ അനൈക്യത്തെപ്പറ്റി ബിഹാര്‍ ജനതയുടെ മുന്നിലുള്ള ചിത്രം. നിതീഷ് കുമാര്‍ നല്കിയ ചിത്രമാണ് അവരുടെ മനസിലുള്ളത്. ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താന്‍ മുന്‍കൈ എടുത്ത നേതാവായിരുന്നല്ലോ നിതീഷ്. അതിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് എന്‍ഡിഎ സഖ്യത്തോട് വിട പറയാന്‍ നിതീഷ് മടിച്ചില്ല. മഹാഗഡ്ബന്ധനിലൂടെ ആ പദവി വേഗം തിരിച്ചു പിടിച്ചെങ്കിലും. എന്നാല്‍ അതേകാലയളവില്‍ തന്നെ ഇന്ത്യാ സഖ്യത്തിന്റെ ഐക്യത്തിനും വളര്‍ച്ചയ്ക്കും നിതീഷ് പരിശ്രമിച്ചിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. അതില്‍ നിതീഷിന്റേതായ താല്പര്യങ്ങള് ഉണ്ടായിരുന്നു. അതിപ്പോള്‍ ഏത് രാഷ്ട്രീയക്കാരനാണ് ഇല്ലാത്തത്.
ഇന്ത്യാ സഖ്യം യോഗം ചേരുകയോ ഐക്യറാലികള്‍ നടത്തുകയോ ചെയ്യാന്‍ മടിച്ചുനിന്ന കാലമായിരുന്നു അത്. കൊല്‍ക്കത്തയില്‍ റാലി നടന്നു. പിന്നീട് ബാംഗ്ലൂരിലും ചെന്നൈയിലും ഒക്കെയായി നടന്ന ഐക്യറാലികള്ക്ക് മുന്‍കൈ എടുത്തത് നിതീഷായിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ മുഖമായി മാറാന്‍ നിതീഷ് ആഗ്രഹിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അന്ന് ഇടഞ്ഞുനിന്ന മമത ബാനര്‍ജി പോലും നിതീഷ് നേതൃമുഖമാകട്ടെ എന്ന വിട്ടുവീഴ്ചയിലേയ്ക്ക് എത്തിയതാണ്. എന്നാല്‍ ആരായിരുന്നു അതിന് എതിര് നിന്നത്. കോണ്‍ഗ്രസ് ആയിരുന്നില്ലേ. രാഹുല്‍ ഗാന്ധിയുടെ സാധ്യതകള്‍ നിതീഷ് ഒറ്റയടിക്ക് റദ്ദു ചെയ്തു കളുയമെന്ന ആശങ്കയായിരുന്നില്ലേ അതിനു പിന്നില്‍. ആ ഭിന്നതയാണ് പിന്നീട് ഒരിക്കല്‍ക്കൂടി നിതീഷിനെ മറുകണ്ടം ചാടിച്ചത്. അതിലൂടെ ബിഹാറിനു ലഭിച്ച സന്ദേശം എന്താണ്. ഇന്ത്യാ സഖ്യത്തില്‍ മൂപ്പിളമയാണ് പ്രധാനം, അല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ള ശരിയായ വിട്ടുവീഴ്ചകള്‍ അല്ല എന്നല്ലേ.
ഇത്തവണ ബിഹാര്‍ കണ്ട ഇന്ത്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം എന്തായിരുന്നു. ഇന്ത്യാസഖ്യം വിടുമ്പോള്‍ നിതീഷ് പറഞ്ഞതിനെ അക്ഷരം പ്രതി ശരി വയ്ക്കുന്നതായിരുന്നില്ലേ. നിതീഷ് പറഞ്ഞത് ശരിയെന്നു തെളിയുന്ന ഒരു തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പിന്നെ വോട്ടര്‍മാര്‍ എന്തിന് ആര്‍ജെഡിയേയും കോണ്‍ഗ്രസിനെയും വിശ്വസിക്കണം. അതിന്റെ ഫലമാണ് സീമാഞ്ചലിലും മിഥിലാഞ്ചലിലും ഭോജ്പൂരിലും ചമ്പാരണിലും മഗധ-പാടലീപുത്രയിലും അങ്ങനെ മേഖല തിരിച്ചുള്ള ബിഹാറിന്റെ എല്ലായിടത്തും ഇന്ത്യാ സഖ്യം തകര്‍ന്നടിഞ്ഞത്. ഒരു കാര്യം കൂടിയുണ്ട്. ഒരു സഖ്യത്തില്‍ ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വലിയ അവകാശവാദം ഉന്നയിക്കുന്നതൊക്കെ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. അത് വോട്ടര്‍മാര്‍ക്ക് മനസിലാക്കാന്‍ കഴിയും. അങ്ങനെയല്ല ഒരു കുടുംബത്തിനു വേണ്ടിയുളള കടുംപിടിത്തത്തെ ജനം കാണുക.
ഇന്ത്യാ സഖ്യത്തിലെ തര്‍ക്കം ഗാന്ധി കുടുംബത്തിനു വേണ്ടിയായിരുന്നെങ്കില്‍ ബിഹാറിലെ മഹാഗഡ്ബന്ധനിലെ തര്‍ക്കം ലാലു കുടുംബത്തിനു വേണ്ടിയായിരുന്നു. അങ്ങനെ ഇന്ത്യാ സഖ്യത്തിനു മുമ്പ് നിലവില്‍ വന്ന മഹാഗഡ്ബന്ധന് ഇന്ത്യാ സഖ്യത്തില്‍ നിന്ന് ഒരു വ്യത്യാസവുമില്ലെന്നു കണ്ട ബിഹാറി വോട്ടര്‍മാര്‍ അങ്ങേയറ്റം പരുഷമായാണ് ഇപ്പോള്‍ രണ്ടു കുടംബത്തെയും ശിക്ഷിച്ചിരിക്കുന്നത്. സഖ്യത്തിന്റെ കെട്ടുറപ്പ്, പരസ്പര വിശ്വാസം എന്നിവയില്‍ എന്‍ഡിഎ എല്ലാം തികഞ്ഞ മുന്നണിയല്ല. അവിടെയുമുണ്ട് കുടുംബാധിപത്യ പ്രവണതകള്‍. എന്നാല്‍ താരതമ്യേന ഭേദം എന്നതാകുമല്ലോ ജനാധിപത്യത്തില്‍ പലപ്പോഴുമുള്ള ചോയ്സ്. ആ ചോയ്സാണ് ബിഹാര്‍ തെരഞ്ഞെടുത്തത്. അതിലൂടെ രണ്ട് മുന്നണികള്‍ക്കും വോട്ടര്‍മാര്‍ വ്യക്തമായ സന്ദേശം നല്‍കിയിട്ടുമുണ്ട്.
എന്‍ഡിഎയോട് അവര്‍ പറഞ്ഞത് എന്താണ്. നന്നായി പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയെ പ്രായാധിക്യം പറഞ്ഞ് പുറത്താക്കുക എന്നതിനോട് അവര്‍ക്ക് യോജിപ്പില്ല എന്നല്ലേ. നിതീഷിന്റെ പ്രായത്തെപ്പറ്റിയുള്ള വിഷയത്തില്‍ ചില വോട്ടര്‍മാര്‍ പ്രതികരിച്ചത് ദേശീയ മാധ്യമങ്ങളില്‍ കണ്ടതല്ലേ. നമ്മുടെ വീട്ടില്‍ ഒരു പ്രായമുള്ള ആളുണ്ടെങ്കില്‍ അയാളെ നമ്മള് അതിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമോ. പ്രായമാകുന്നു എന്നത് ആരുടെയെങ്കിലും കുറ്റമാണോ. ഒരു വോട്ടറുടെ പ്രതികരണമായിരുന്നു ഇത്. ഇന്ന് എന്‍ഡിഎയ്ക്ക് കിട്ടിയ മറുപടി അത് ഒരു വോട്ടറുടെ മാത്രം മനസായിരുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ്. കേന്ദ്രത്തിലെ മോദിയുടെ ഭരണത്തിന് നിതീഷിന്റെ 12 എംപിമാരെ കൂടിയേ കഴിയൂ. അതുകൊണ്ട് പരസ്പരാശ്രിതത്വത്തിന്റെ പാലം നിലനില്ക്കട്ടെ, അതല്ലാതെ പാലം വലിക്കലല്ല നിലനില്ക്കേണ്ടതെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. എന്തിന്റെ പേരിലായാലും നിതീഷിന്റെ മറുകണ്ടം ചാട്ടത്തിനും വോട്ടര്‍മാര്‍ ഇത്തവണ തടയിട്ടു എന്നതും കാണാതിരുന്നുകൂടാ. ബിജെപിക്കും എല്‍ജെപിക്കും മികച്ച വിജയം അവര്‍ സമ്മാനിച്ചത് നിതീഷിന്റെ വിലപേശല്‍ ശക്തിയും അവസരവാദ കൂട്ടുകൂടലും അടുത്ത അഞ്ചു വര്‍ഷം ബിഹാറിനെ അസ്വസ്ഥമാക്കില്ല എന്നുറപ്പിക്കാനാണ്.
തുടരും... ബിഹാര്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച അടുത്ത രണ്ടു ഘടകങ്ങള്‍ നാളെ വായിക്കാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications