എവിടെ മോദിയുടെ 56 ഇഞ്ച്; കാശ്മീരില്‍ പാക് പതാക പാറുകയാണെന്ന് നിതീഷ്‌കുമാര്‍
പട്‌ന: കാശ്മീരില്‍ അടുത്തിടെ ഉണ്ടായ സംഘര്‍ഷങ്ങളും പാക് അനുകൂല പ്രകടനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് വീമ്പു പറഞ്ഞ നരേന്ദ്രമോദിക്ക് എന്തുപറ്റിയെന്ന് നിതീഷ് കുമാര്‍ പരിഹസിക്കുന്നു. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുവില്‍ ഐസിസിന്റെയും പാക്കിസ്ഥാന്റെയും പതാകകളാണ് പാറുന്നത്. നെഞ്ചളവ് പറഞ്ഞ് വീമ്പു പറഞ്ഞവരെ ഇപ്പോള്‍ കാണാനില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുകേടാണ് കാശ്മീരില്‍ വിധ്വംസക സംഘടനകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാഖിലെ ഇസ്ലാമിക സംഘടന ഐസിസിന്റെയും പാക്കിസ്ഥാന്റെയുമൊക്കെ പതാക ഇന്ത്യന്‍ മണ്ണില്‍ ഉയരുന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ സാധിക്കൂ. ജമ്മുവില്‍ ബിജെപി പിഡിപി ബന്ധം ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ജമ്മു കാശ്മീരില്‍ പിഡിപി അധികാരത്തിലേറിയശേഷം തുടരെയുണ്ടായ പാക് അനുകൂല പ്രകടനങ്ങളും സംഘര്‍ഷങ്ങളുമാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. അതേസമയം, ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് മേല്‍ക്കൈ കിട്ടാതിരിക്കാന്‍ തുടക്കം മുതല്‍ നരേന്ദ്ര മോദിയെ ആഞ്ഞടിക്കുകയാണ് നിതീഷ് കുമാര്‍ എന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.












Click it and Unblock the Notifications