നിത്യാനന്ദയുടെ സ്വന്തം രാജ്യം 'കൈലാസ' ഇക്വഡോറിൽ അല്ല; വിവാദ ആൾദൈവം ഹെയ്തിയിലേക്ക് കടന്നെന്ന് സൂചന
ദില്ലി: ഇക്വഡോറിൽ സ്വന്തം ദ്വീപ് വാങ്ങി ' ഹിന്ദു രാജ്യം' കെട്ടിപ്പടുക്കാനുള്ള വിവാദ ആൾദൈവം നിത്യാനന്ദയുടെ നീക്കങ്ങൾക്ക് തിരിച്ചടി. നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്ന് ഇക്വഡോർ ഭരണകൂടം വ്യക്തമാക്കി. ഇക്വഡോറിൽ നിന്നും നിത്യാനന്ദ ഹെയ്തിയിലേക്ക് പോയതായും ഇക്വഡോർ എംബസി വ്യക്തമാക്കി. ഹിന്ദു രാജ്യം സ്ഥാപിക്കാൻ ഭൂമി വാങ്ങാൻ നിത്യാനന്ദയെ സഹായിച്ചുവെന്ന വാദവും ഇക്വഡോർ സർക്കാർ തള്ളിക്കളഞ്ഞു.
Read More: തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആയുധം തട്ടിയെടുത്ത് ആക്രമണം, 45 മിനിറ്റ് ഏറ്റുമുട്ടൽ, പോലീസ് വിശദീകരണം
ഇക്വഡോറിൽ സ്വന്തമായി ദ്വീപ് വാങ്ങി കൈലാസ എന്ന പേരിൽ ഹിന്ദു രാജ്യം പടുത്തുയർത്താൻ നിത്യാനന്ദ ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ രാജ്യത്തിന്റെ പതാകയും മറ്റ് പ്രത്യേകതകളും https://kailaasa.org എന്ന വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അതിരുകളില്ലാത്ത രാജ്യമാണിതെന്നും സ്വന്തം രാജ്യത്ത് ഹിന്ദുമത വിശ്വാസ പ്രകാരം ജീവിക്കാൻ അവകാശം നഷ്ടപ്പെട്ടവർക്ക് കൈലസത്തിലേക്ക് വരാമെന്നും വെബ്സൈറ്റിൽ പറയുന്നു.
എന്നാൽ രാജ്യത്ത് അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അപേക്ഷ ഇക്വഡോർ സർക്കാർ നിരസിച്ചെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഭയാർത്ഥി പദവി നിരസിച്ചതോടെ നിത്യാനന്ദ കരീബിയൻ രാഷ്ട്രമായ ഹെയ്തിയിലേക്ക് പോയിരിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. പെൺകുട്ടികലെ തടങ്കലിൽ പാർപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്.
ഇന്ത്യയിലെ ഡിജിറ്റൽ, അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും നിത്യാനന്ദയുടെ കൈലാസ എന്ന വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നിത്യാനന്ദയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇക്വഡോറിനെക്കുറിച്ച് പരാമർശിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 2018 ഒക്ടോബർ 21നാണ് കൈലാസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.