റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും മാറ്റം വരുത്താതെ ആര്‍ബിഐ
ദില്ലി: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.5 ശതമാനമായും തുടരും. ആര്‍ബിഐയുടെ വായ്പാ അവലോകന യോഗത്തിലാണ് ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തിരുമാനം ഉണ്ടായത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നുമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ്, ഉയര്‍ന്ന വിലക്കയറ്റം തുടങ്ങിയവ നിരയ്ക്ക് കുറയ്ക്കലില്‍ നിന്നും ആര്‍ബിഐയെ പിന്തിരപ്പിച്ചെന്നാണ് വിലയിരുത്തുന്നത്.
2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി ലക്ഷ്യം നേരത്തെ തീരുമാനിച്ച 9.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമാക്കി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വായ്പാനയ പ്രഖ്യാപനം നടത്തിയത്. മിക്ക സാമ്പത്തിക വിശകലന വിദഗ്ധരും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ ഡിമാൻഡും നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു വിലയിരുത്തല്‍.
വിലക്കയറ്റവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്നം. 7.61 ശതമാനമാണ് ഒക്ടോബറിലെ ചില്ലറ പണപ്പെരുപ്പം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇക്കാരണങ്ങള്‍ പരിഗണിച്ചാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതത്. വരാനിരിക്കുന്ന ഏതാനും മാസങ്ങളില്‍ പ്രധാന പണപ്പെരുപ്പം സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് ഐസിആർഎ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.