'ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ', ഗതാഗത മന്ത്രിയെ ഇറക്കിവിട്ട് കണ്ടക്ടർ
ബെംഗളൂരു; ചില്ലയിറയില്ലെന്നതിൻ്റെ പേരിൽ ബസിൽ നിന്നും ഗതാഗത മന്ത്രി ഭൈരതി സുരേഷിനെ ഇറക്കി വിട്ടു. ബെംഗളൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കെ എസ് ആർ ടി സി ബസിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ടറിയാനായി ബസിൽ മിന്നൽ പരിശോധന നടത്തിയതായിരുന്നു മന്ത്രി. എന്നാൽ മന്ത്രിയാണെന്ന് അറിയാതെ ചില്ലറയില്ലെന്നതിൻ്റെ പേരിൽ കണ്ടക്ടർ അദ്ദേഹത്തെ ഇറക്കിവിടുകയായിരുന്നു.
ജയമഹൽ, ടിവി ടവർ, ആർടി നഗർ, സിബിഐ റോഡ്, ബെല്ലി റോഡ്, ഹെബ്ബാൾ, ബൂപസാന്ദ്ര, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഭൈരതി എന്നീ റൂട്ടുകളിലെ ബസുകളിലായിരുന്നു മന്ത്രിയുടെ പരിശോധന. രാത്രി 7.10 നും 9.10 നും ഇടയിലാണ് 10 ഓളം ബസുകളിലായി പരിശോധന നടതിയത്. മാസ്ക് ധരിച്ചാണ് മന്ത്രി ബസിൽ കയറിയത്.യാത്രക്കാരോട് അവരുടെ യാത്ര അനുഭവങ്ങൾ മന്ത്രി ചോദിച്ചറിയുകയും ചെയ്തു.

പരിശോധനയ്ക്കിടെ ഒരു സ്റ്റോപ്പിൽ യാത്രക്കാരൻ കൈ കാണിച്ചിട്ടും ബസ് നിർത്താതിരുന്നതോടെ ആ ബസിലെ ജീവനക്കാരെ സസ്പെൻ്റ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു. കെഎ-57 എഫ്-3372 എന്ന ബസിലെ ഡ്രൈവർ മുഷ്താഖിനെയും കണ്ടക്ടർ ദയാനന്ദിനെയും ആണ് സസ്പെൻ്റ് ചെയ്തത്.
ഹെബ്ബാൾ-നാഗഷെട്ടിഹള്ളി റൂട്ടിൽ വെച്ചാണ് മന്ത്രിയെ ഇറക്കി വിട്ടത്. രണ്ട് പേർക്കുള്ള ടിക്കറ്റിനായി മന്ത്രി 100 രൂപ കണ്ടക്ടർക്ക് നൽകി. എന്നാൽ ചില്ലറയില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. തൻ്റെ കൈയ്യിലും ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞതോടെ എന്നാൽ ഇറങ്ങിപ്പോകാനായിരുന്നു കണ്ടക്ടറുടെ മറുപടി. ഇതോടെ മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നു.
നാഗഷെട്ടിഹള്ളിയിലെ ബസിൽ നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. ഇറങ്ങാൻ നേരം മീറ്ററിൽ കാണിച്ച 30 രൂപ നൽകിയെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ മീറ്റർ തകരാറാണ് എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഉടൻ തന്നെ മാറ്റുമെന്നും അയാൾ പറഞ്ഞു. ഇതോടെ 40 രൂപ കൊടുത്ത് മന്ത്രി ഇറങ്ങുകയായിരുന്നു.
പരിശോധനയിൽ നിരവധി ക്രമക്കേടുകൾ അദ്ദേഹം കണ്ടെത്തി. അതുകൊണ്ട് തന്നെ ഇനിയും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ തുടരുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗതവകുപ്പ് ജീവനക്കാർക്കിടയിൽ അച്ചടക്കം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും യാത്രക്കാർക്കുള്ള അനുഭവം മികച്ചതാക്കാൻ ലക്ഷ്യം വെച്ചാണ് പരിശോധനകൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications