'ഉത്തര്‍പ്രദേശില്‍ അക്രമത്തിന് സ്ഥാനമില്ല, രാമ നവമി ആഘോഷത്തില്‍ നാം അത് തെളിയിച്ചു': യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും സ്ഥാനമില്ലെന്ന് രാമനവമിയോടെ നാം തെളിയിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദുക്കള്‍ രാമനവമിയും മുസ്ലീങ്ങള്‍ റംസാന്‍ വ്രതവും അനുഷ്ഠിക്കുന്ന വേളയില്‍ സംസ്ഥാനത്ത് ഒരു അനിഷ്ഠ സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാമനവമിയോട് അനുബന്ധിച്ച് 800ഓളം റാലികള്‍ സംസ്ഥാനത്ത് നടന്നു. ഉത്തര്‍പ്രദേശില്‍ 25 കോടി ജനങ്ങളാണ് ഉള്ളതെന്നും എന്നാല്‍ ഒരിടത്ത് പോലും ചെറിയ അനിഷ്ട സംഭവം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിലേക്ക് ഉത്തര്‍പ്രദേശ് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. രാമനവമിയോട് അനുബന്ധിച്ച് നിരവധി സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാമനവമി ദിവസത്തില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിലും സബര്‍കാന്ത ജില്ലയിലെ ഹിമ്മത് നഗറിലും ആണ് സംഘര്‍ഷം ഉണ്ടായത്. ഖംഭാത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

രാമനവമിയോട് അനുബന്ധിച്ച് നിരവധി സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാമനവമി ദിവസത്തില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാമനവമിയോട് അനുബന്ധിച്ച് ജെഎന്‍യുവിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കാന്റീനില്‍ മാംസം വിളമ്പുന്നതു സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഞായറാഴ്ച പകല്‍ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്.
എബിവിപി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ മെസ് സെക്രട്ടറിയെ ആക്രമിച്ചെന്നും മാംസവിഭവങ്ങള്‍ വിളമ്പുന്നതു തടഞ്ഞെന്നും സ്റ്റുഡന്‍ഡ്സ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷ സംഘടനകള്‍ ഹോസ്റ്റലില്‍ നടത്തിയ പൂജാ ചടങ്ങുകള്‍ തടസപ്പെടുത്തുകയായിരുന്നുവെന്ന് എബിവിപി മറു ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ 16 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

എബിവിപി പ്രവര്‍ത്തകര്‍ ഗുണ്ടായിസം നടത്തുകയായിരുന്നുവെന്നും അവരാണ് കലാപത്തിന് സമാനമായ സാഹചര്യം ഒരുക്കിയതെന്നും സ്റ്റുഡന്‍ഡ്സ് യൂണിയന്‍ ആരോപിച്ചു. ജെഎന്‍യു ക്യാമ്പസും ഹോസ്റ്റലുകളും എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ഇടമാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിനും പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം ജെഎന്‍യു സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ഇടതു വിദ്യാര്‍ഥി സംഘടനകളും പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു വിദ്യാര്‍ഥി യൂണിയന്‍.

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കായി എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിദ്വേഷവും അക്രമവും ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാമ നവമിയുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി നിലപാട് പറഞ്ഞത്.
'വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍ക്കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications