അവിശ്വാസ പ്രമേയം വന്നാല്‍ സർക്കാർ ഭയക്കണോ? പ്രതിപക്ഷത്തിന് ആകെ എത്ര വോട്ട്?
മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ അംഗീകാരം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംപിയായ രഞ്ജന്‍ ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിആർഎസും അംഗവും സർക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രിയൊക്കൊണ്ട് മറുപടി പറയിക്കുകയെന്ന ലക്ഷ്യം വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഭയിലെ അംഗബലം
ലോക്‌സഭയിലെ കേവല ഭൂരിപക്ഷ സംഖ്യ 272 ആണെന്നതിനാല്‍ തന്നെ 331 അംഗങ്ങളുടെ പിന്തുണയുള്ള എന്‍ ഡി എ സഖ്യവും കേന്ദ്ര സർക്കാരിന്റെ നില സുരക്ഷിതമാണ്. ബി ജെ പിക്ക് മാത്രം ലോക്സഭയിലെ 303 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്, ജെ ഡി യു, എസ് പി, ഡി എം കെ, സി പി എം, സി പി ഐ, ആർ ജെ ഡി, ആർ എല്‍ ഡി തുടങ്ങിയ കക്ഷികള്‍ അടങ്ങുന്ന പ്രതിപക്ഷമായ ഇന്ത്യൻ സഖ്യത്തിന് 144 പേരുടെ പിന്നതുണ മാത്രമാണുള്ളത്.

കെ സി ആറിന്റെ ബി ആർ എസ്, വൈഎസ് ജഗൻ റെഡ്ഡിയുടെ വൈ എസ് ആർ സി പി, നവീൻ പട്നായിക്കിന്റെ ബി ജെ ഡി തുടങ്ങിയ പാർട്ടികൾക്കായി ആകെ 70 പേരുമുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ പോലും അവിശ്വാസ പ്രമേയം വിജയിക്കില്ല. എന്നാല്‍ ബി അർ എസ് ഒഴികേയുള്ള കക്ഷിളുടെ പിന്തുണ അവിശ്വാസ പ്രമേയത്തിന് ലഭിക്കാന്‍ സാധ്യതയില്ല.
എന്താണ് അവിശ്വാസ പ്രമേയം
സർക്കാരിലുള്ള വിശ്വാസമില്ലായ്മ പ്രകടിപ്പിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന പാർലമെന്ററി സംവിധാനമാണ് അവിശ്വാസ പ്രമേയം. 50 അംഗങ്ങളുടെ പിന്തുണയോടെ ആരെങ്കിലും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയാല്‍ ഭരണകക്ഷിക്ക് വിശ്വാസം നിലനിർത്താൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ സർക്കാർ വീഴും. ലോക്സഭയിൽ ഭൂരിപക്ഷമുള്ളിടത്തോളം സർക്കാരിന് അധികാരത്തിൽ തുടരാം.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിലും ഈ പ്രമേയത്തിന് കാര്യമായ പങ്കുണ്ട്. പ്രമേയം സഭയിൽ പാസായാൽ പ്രധാനമന്ത്രിയടക്കം മുഴുവൻ മന്ത്രിസഭയും രാജിവെക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 75 അനുസരിച്ച്, മന്ത്രിസഭയ്ക്ക് ലോക്സഭയോട് കൂട്ടായ ഉത്തരവാദിത്തമുണ്ട്. ലോക്സഭയിൽ മാത്രമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കുന്നത്. പാർലമെന്റിൽ ഏത് പാർട്ടിക്കും സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കും. പക്ഷെ അവിശ്വാ പ്രമേയ നോട്ടീസിന് 50 അംഗങ്ങളുടെ പിന്തുണയുണ്ടായിരിക്കണം.












Click it and Unblock the Notifications