രാഷ്ട്രപതിക്കും തെറ്റു പറ്റാം: ഉത്തരാഖണ്ഡ് ഹൈക്കോടതി
ഉത്തരാഖണ്ഡ്:രാഷ്ട്ര പതിക്കും തെറ്റുപറ്റാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞു. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് അങ്ങിനൊരു പ്രതികരണം ഉണ്ടായിട്ടുള്ളത്.
രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ രാജാവിന്റെ തീരുമാനം പോലെ നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ ഉത്തരവും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് എല്ലാം നിയമത്തിന്റെ കീഴിലൂടെയാണ് കടന്നു പോകുന്നതെന്ന് ഉറപ്പാക്കുകയാണെന്നും കോടതി കൂട്ടി ചേര്‍ത്തു. രാഷ്ട്രപതിക്കും തെറ്റുപറ്റാം. എല്ലാം നിയമത്തിന് വിധേയമാണെന്നും കോടതി വ്യക്തമാക്കി.
ഒമ്പത് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധി ഉണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ ഒരു മാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ അധികാരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കവരുകയാണെന്നും ദില്ലിയിലിരുന്ന് ഉത്തരാഖണ്ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകില്ലെന്നും കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications