പാര്‍ട്ടിക്ക് വേണ്ടി പലതവണ ത്യജിച്ചു; സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചര്‍ച്ചകള്‍ നടക്കവെ വേറിട്ട പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. പാര്‍ട്ടിക്ക് വേണ്ടി പലതവണ ത്യജിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. തുംകൂറില്‍ ലിംഗായത്ത് കേന്ദ്രമായ സിദ്ധഗംഗ മഠം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന ലിംഗായത്ത് സമുദായം ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്നു എന്നാണ് വിലയിരുത്തുന്നത്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ കെപിസിസി അധ്യക്ഷന്‍ മഠത്തിലെത്തി മതാചാര്യന്മാരെ കണ്ടത്. സിദ്ധരാമയ്യയുമായി തനിക്ക് യോജിപ്പില്ല എന്ന് ചിലര്‍ പറയുന്നത് തെറ്റാണെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

സിദ്ധരാമയ്യയുമായി യാതൊരു ഭിന്നതയുമില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തോന്നി. പലതവണ പാര്‍ട്ടിക്ക് വേണ്ടി സഹിക്കുകയും സമര്‍പ്പിക്കുയും ചെയ്ത വ്യക്തിയാണ് ഞാന്‍. സിദ്ധരാമയ്യക്കൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹവുമായി സഹകരിച്ചാണ് മുന്നോട്ട് പോയതെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിജയശില്‍പ്പികളാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളും ഇവരുടേതാണ്. ആരാകും അടുത്ത മുഖ്യമന്ത്രി എന്നാണ് ഇനി അറിയേണ്ടത്. ഇന്ന് വൈകീട്ട് പുതിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
224 അംഗ നിയമസഭയാണ് കര്‍ണാടകത്തിലേത്. കോണ്‍ഗ്രസ് 135 സീറ്റ് നേടി. ബിജെപി 66 സീറ്റും. ജെഡിഎസിന് 19 സീറ്റാണ് ലഭിച്ചത്. സ്വതന്ത്രര്‍ നാല് സീറ്റിലും ജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ബെംഗളൂരുവിലെ ഹോട്ടലിലാണ് നടക്കുന്നത്. മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് യോഗത്തില്‍ പ്രമേയം പാസാക്കുമെന്ന് കരുതുന്നു.
കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമായ തീരുമാനം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എടുത്തിട്ടില്ല എന്നാണ് സൂചന. എംഎല്‍എമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം വരിക. ഈ യോഗത്തിലും ധാരണയായില്ലെങ്കില്‍ ഹൈക്കമാന്റിന് വിടും. കെസി വേണുഗോപാലും രണ്‍ദീപ് സുര്‍ജേവാലയും നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
വൊക്കലിഗ സമുദായക്കാരനാണ് ഡികെ ശിവകുമാര്‍. തെക്കന്‍ കര്‍ണാടകത്തില്‍ കൂടുതലും ഈ സമുദായത്തില്‍പ്പെട്ടവരാണ്. പിന്നാക്ക വിഭാഗമായ കുറുബ സമുദായ അംഗമാണ് സിദ്ധരാമയ്യ. മധ്യ, വടക്കന്‍ കര്‍ണാടകയിലാണ് ഈ സമുദായം കൂടുതലുള്ളത്. സമുദായ-മേഖലാ പ്രാധാന്യം കൂടി കണക്കിലെടുത്താകും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ തിരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായിട്ടാണ് ഡികെ ശിവകുമാര്‍ അറിയപ്പെടുന്നത്. തന്റെ അവസാന തിരഞ്ഞെടുപ്പാണ് 2023ലേത് എന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് നേതാക്കളും ഒരുപോലെ കോണ്‍ഗ്രസിന് പ്രധാനമാണ്. മാത്രമല്ല, വ്യക്തമായ ജനപിന്തുണയുള്ള നേതാക്കളുമാണ്. കൂടുതല്‍ എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നു എന്നാണ് അനൗദ്യോഗിക വിവരം.












Click it and Unblock the Notifications