സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമില്ല? കേന്ദ്രവും പ്രതിപക്ഷവും സമവായത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല എന്ന് ഉറപ്പായി. എന്‍ ഡി എയും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയും ഇത് സംബന്ധിച്ച് സമവായത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. സമവായം ഉരുത്തിരിഞ്ഞതോടെ പ്രതിപക്ഷം ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷം മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതോടെ ലോക്സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് സമവായമുണ്ടാക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിനേയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സമവായത്തിലെത്തിയാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് ലഭിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ ഡി എ നോമിനിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 'സര്‍ക്കാരുമായി ക്രിയാത്മകമായി സഹകരിക്കാന്‍ പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചതായി പത്രങ്ങളില്‍ കണ്ടു. സ്പീക്കര്‍ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് രാജ്നാഥ് സിംഗ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ബന്ധപ്പെട്ടു.
മുഴുവന്‍ പ്രതിപക്ഷവും സ്പീക്കറെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതാണ് പാരമ്പര്യം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരികെ വിളിക്കുമെന്ന് രാജ്നാഥ് സിംഗ് ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തിന്റെ സഹകരണം തേടുന്നു, എന്നിട്ടും ഞങ്ങളുടെ നേതാവ് അനാദരവ് നേരിടുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
അതിനിടെ ഓം ബിര്‍ള തന്നെ രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി എത്തിയേക്കും എന്നാണ് വിവരം. ബിര്‍ള തന്നെ സ്പീക്കര്‍ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു ബിജെപി നിലപാട്. ഇതിന് പിന്നാലെ ഓം ബിര്‍ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂണ്‍ 25).
പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു. ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ എല്ലാ സ്പീക്കര്‍മാരും ഏകകണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. ഇതോടെ സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും എന്ന് ഉറപ്പിച്ചിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിച്ചില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കും എന്ന് ഇന്ത്യാ സഖ്യം നേതാക്കള്‍ പറഞ്ഞിരുന്നു പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ അംഗമാകാന്‍ പ്രതിപക്ഷ നേതാക്കള്‍ വിസമ്മതിച്ചിരുന്നു. പരമ്പരാഗതമായി പ്രതിപക്ഷത്തിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുന്നത്.
എന്നാല്‍ ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ എം തമ്പി ദുരൈയെ ആണ് 2014 ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായി നിയമിച്ചത്. 2019 മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭയിലും കോണ്‍ഗ്രസിന് വേണ്ടത്ര അംഗബലം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവില്ലായിരുന്നു.
എന്നാല്‍ ഇത്തവണ 99 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ പ്രതിപക്ഷം പൊതുതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ തന്നെ ഇന്ത്യാ ബ്ലോക്കിലെ സഖ്യകക്ഷികളുടെ പിന്തുണയുള്ള കോണ്‍ഗ്രസ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് സമ്മര്‍ദ്ദം ചെലുത്തും.












Click it and Unblock the Notifications