'തെളിവില്ല, ചെങ്കോൽ കഥ വാട്സ് ആപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള വിവരം'; ബിജെപിക്കെതിരെ ജയ്റാം രമേശ്
ദില്ലി: ബ്രിട്ടൺ അധികാര കൈമാറ്റത്തിന്റെ ഭാഗമായി ചെങ്കോൽ കൈമാറിയെന്ന ബി ജെ പി കഥ വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഈ വിവരങ്ങളെല്ലാം വാട്സ് ആപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ളതാണോയെന്നും ജയറാം പരിഹസിച്ചു. തമിഴ്നാട്ടിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ബി ജെ പി ഇതിലൂടെ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയറാം രമേശിന്റെ പ്രതികരണം.
'വാട് ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള തെറ്റായ വിവരണങ്ങൾ ഉപയോഗിച്ചാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നുവെന്നതിൽ യാതൊരു അതിശയവുമില്ല. വീണ്ടും ബി ജെ പിയും ആർ എസ് എസും ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്', അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ചെങ്കോലിനെ കുറിച്ച് അദ്ദേഹം കുറിച്ചത് ഇങ്ങനെ

അന്നത്തെ മദ്രാസ് പ്രവിശ്യയിലെ ഒരു മത സ്ഥാപനം മദ്രാസ് നഗരത്തിൽ നിർമ്മിച്ച ഒരു മഹത്തായ ചെങ്കോൽ 1947 ൽ നെഹ്റുവിന് സമ്മാനിച്ചുവെന്നത് സത്യമാണ്. എന്നാൽ ഈ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമായിട്ടാണ് ഇന്ത്യക്ക് കൈമാറിയതെന്ന് മൗണ്ട് ബാറ്റണും രാജാജിയും നെഹ്‌റുവും എവിടേയും പറഞ്ഞതായി തെളിവുകൾ ഇല്ല. ഈ അവകാശവാദങ്ങളെല്ലാം വെറും വ്യാജമാണ്. വാട്സ് ആപ് വഴി ചിലർ പടച്ചുവിട്ട വിവരങ്ങൾ മാത്രമാണിത്. രാജാജിയെ കുറിച്ച പഠിച്ച പണ്ഡിതർ ഈ അവകാശവാദത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചെങ്കോൽ പിന്നീട് അലഹബാദ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു. 1947 ഡിസംബർ 14-ന് നെഹ്‌റു അവിടെ പറഞ്ഞത് പൊതുരേഖയാണ്. ഈ ചെങ്കോൽ ഇപ്പോൾ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂട്ടാളികളും തമിഴ്നാട്ടിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്. എന്തുകൊണ്ടാണ് പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കാത്തത് എന്നതാണ് യഥാർത്ഥത്തിൽ ഇവിടെ ഉയർത്തേണ്ട പ്രധാന ചോദ്യം', അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
കൊളോണിയല്‍ ഭരണത്തില്‍ ഇന്ത്യ മുക്തി നേടിയതിന്‍റെ പ്രതീകമായി കണ്ടിരുന്ന സ്വര്‍ണ 'ചെങ്കോല്‍' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയത്. നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും മോദിയുടെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും അമിത് ഷാ പറഞ്ഞിരുന്നു.












Click it and Unblock the Notifications