'പോക്സോ ചുമത്താനുളള തെളിവില്ല', ബ്രിജ് ഭൂഷണെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് പോലീസ്
ന്യൂ ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് എതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പോലീസ്. ലൈംഗിക ആരോപണ കേസില്‍ ബ്രിജ് ഭൂഷണ് എതിരെ ഡല്‍ഹി പട്യാല കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒപ്പം തെളിവില്ലാത്തത് കാരണം ബ്രിജ് ഭൂഷണെ പോക്‌സോ കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുളള റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി എംപി കൂടിയാ ബ്രിജ് ഭൂഷണിന് എതിരെ ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുളള വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. ആയിരം പേജോളം വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ട് വനിതാ ഗുസ്തി താരമാണ് ബ്രിജ് ഭൂഷണ് എതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതി വ്യാജമായിരുന്നുവെന്ന് അവകാശപ്പെട്ട് വനിതാ താരത്തിന്റെ അച്ഛന്‍ പിന്നീട് രംഗത്ത് വരികയുണ്ടായി. പോക്‌സോ വകുപ്പ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് 500 പേജോളം വരുന്ന റിപ്പോര്‍ട്ട് ആണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
പരാതിക്കാരിയുടേയും അച്ഛന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണെ പോക്‌സോ കേസില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് 173ാം വകുപ്പ് പ്രകാരം പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്, ദില്ലി പോലീസ് പറഞ്ഞു. ജൂലൈ 4ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഏപ്രില്‍ 21നാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്ന താരം അടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ് എതിരെ പരാതി നല്‍കിയത്.
ലൈംഗിക അതിക്രമവും അപമര്യാദയായി പെരുമാറലും അടക്കമുളള ആരോപണങ്ങളാണ് വനിതാ താരങ്ങള്‍ ബ്രിജ് ഭൂഷണ് എതിരെ ഉന്നയിച്ചത്. പിന്നാലെ ഗുസ്തി താരങ്ങള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരം ആരംഭിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ബ്രിജ് ഭൂഷണ് എതിരെ കേസെടുക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്. ജൂണ്‍ 15ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഗുസ്തി താരങ്ങളുമായുളള ചര്‍ച്ചയില്‍ കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.












Click it and Unblock the Notifications