'മുംബൈയില്‍ ഒരു ഖാനും മേയറാകില്ല': മംദാനി വിജയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
മുംബൈ: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ സൊഹ്റാന്‍ മംദാനിയുടെ ചരിത്ര വിജയത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യയില്‍ നിന്ന് ഉയരുന്നത്. അമേരിക്കന്‍ മണ്ണില്‍ ആഴത്തില്‍ വേരോട്ടമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് മംദാനിയുടെ വിജയം. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ മുസ്ലിമാണ് 34-കാരനായ സൊഹ്റാന്‍ മംദാനി എന്ന പ്രത്യേകതയും ഉണ്ട്.
സൊഹ്റാന്‍ മംദാനി വിജയിച്ചതിന്റെ ആഘോഷങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നടക്കവേ അതിനിടയില്‍ മതരപരമായ വിവാദ പരാമര്‍ശവുമായി രംഗത്തു വന്നിരിക്കുകയാണ് മുംബൈയിലെ ബിജെപി അധ്യക്ഷന്‍. മുംബൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

ബിജെപി നേതാവും എംഎല്‍എയുമായ അമീത് സതമാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'ഒരു ഖാനെയും മേയറാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ കണ്ടതിന് സമാനമായ രാഷ്ട്രീയം മുംബൈയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അമീത് സതം ആരോപിച്ചു, 'വോട്ട് ജിഹാദ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ പ്രീണനത്തിന്റെ പാത സ്വീകരിക്കുന്ന ശക്തികളില്‍ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മുസ്ലീമിനെ അധികാരത്തിലേക്ക് തിരഞ്ഞെടുക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അമീത് വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മുംബൈയുടെ സാംസ്‌കാരികവും സാമൂഹികവുമായ സ്വത്വം മാറ്റാനുള്ള ഒരു ശ്രമവും നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയില്‍ അന്ധേരി വെസ്റ്റിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അമീത്. മംദാനിയുടെ ചരിത്ര വിജയത്തിന് എതിരേയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം മുംബൈയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യയില്‍ വേരുകളുള്ള അക്കാദമിക് വിദഗ്ധന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 34-കാരനായ സൊഹ്റാന്‍ മംദാനി.
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍, ആദ്യത്തെ മുസ്ലിം, ഒരു നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് മംദാനി അധികാരത്തിലേറിയത്. മംദാനിയുടെ വിജയം റിപ്പബ്ലിക്കന്‍ നേതാവായ ട്രംപിനെതിരെയുള്ള പൊതുവികാരം പ്രകടമാക്കുന്നതായിരുന്നു. 84 ലക്ഷത്തിലേറെ ജനസംഖ്യയാണ് ന്യൂയോര്‍ക്ക് നഗരത്തിലുള്ളത്.
സൗജന്യ ശിശു സംരക്ഷണം, വാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസുകള്‍ തുടങ്ങി സാധാരണക്കാരനെ ആകര്‍ഷിക്കുന്നതും പുരോഗമനപരവുമായ ആശയങ്ങള്‍ വാഗ്ദാനം ചെയ്താണ് വിജയത്തിലേക്ക് എത്തിയത്.












Click it and Unblock the Notifications