വധശിക്ഷയ്ക്ക് കുത്തിവെപ്പും വെടിവയ്ക്കലും ഇല്ല; തൂക്കുകയര്‍ തന്നെ, ഹര്‍ജി സുപ്രീം കോടതി തള്ളി
രാജ്യത്ത് വധശിക്ഷയ്ക്ക് പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള തൂക്കിലേറ്റല്‍ രീതി തന്നെ തുടരുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധന നടത്താമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. മരണം വരെ തൂക്കിലേറ്റുക എന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തൂക്കിലേറ്റുന്നതിന് പകരം കുത്തിവെപ്പിലൂടെ മരണം ഉറപ്പാക്കാനാകുമെന്നും ഇത് വേദന കുറയ്ക്കുമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

കുത്തിവെപ്പ് നടത്തുക, വെടിവയ്ക്കുക, വൈദ്യുത കസേരയില്‍ ഇരുത്തുക തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളും പരീക്ഷിക്കാമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത്തരം രീതികള്‍ നിമിഷ നേരങ്ങള്‍കൊണ്ട് മരണം ഉറപ്പാക്കുമെന്നും വേദന കുറവായിരിക്കുമെന്നുമാണ് റിഷിയുടെ വാദം. തൂക്കിലേറ്റല്‍ വളരെ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.
സി.ആര്‍.പി.സി 354(5), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 393(5) എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത പുനഃപരിശോധിക്കാന്‍ വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി തള്ളി. വധശിക്ഷയുമായി ബന്ധപ്പെട്ട 1983 ലെ ദീന കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നം കോടതി വ്യക്തമാക്കി. ഭാവിയില്‍ ശാസ്ത്രീയമായ പുതിയ തെളിവുകള്‍ ഉയര്‍ന്നുവരികയാണെങ്കില്‍ ഇക്കാര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വിശദീകരിച്ചു.
ഭരണഘടനാ വ്യാഖ്യാനം കാലാനുസൃതമായി മാറേണ്ടതാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ അന്തസ്സ് സംരക്ഷിച്ചുകൊണ്ട് വേദന പരമാവധി കുറയ്ക്കാനായി മറ്റ് ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് നിയമ, ഫോറന്‍സിക് മെഡിസിന്‍, ന്യൂറോ സയന്‍സ്, ക്രിമിനോളജി തുടങ്ങിയ ശാസ്ത്ര ശാഖകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയോഗിച്ച് സമഗ്രമായ പഠനം നടത്താനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.





Click it and Unblock the Notifications