കർഷക പ്രതിഷേധം: ഏഴ് പ്രശ്നബാധിത പ്രദേശങ്ങളിൽ മന്ത്രിമാർ പതാകയുയർത്തില്ല, നിലപാടറിയിച്ച് ഹരിയാണ
ചണ്ഡിഗഡ്: കർഷക പ്രതിഷേധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ മന്ത്രിമാർ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തില്ലെന്ന് ബിജെപി. കർഷക പ്രതിഷേധം ശക്തമായി തുടരുന്ന ഹരിയാണയിലെ ഏഴ് പ്രശ്ന ബാധിത ജില്ലകളിൽ പാർട്ടി പരിപാടികളോ പൊതു പരിപാടികളോ നടത്തില്ലെന്നാണ് ഹരിയാണയിലെ ബിജെപി- ജെജെപി സർക്കാരിന്റെ തീരുമാനം. ദില്ലി അതിർത്തിയിലെ തിക്രി മേഖലയിൽ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ കൂടുതലുള്ള പ്രദേശങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പകരമായി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസ് പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് ഡെപ്യൂട്ടി കമ്മീഷണർമാർ കൈതൽ, റോത്തക്, സിർസ, കുരുക്ഷേത്ര, ജിന്ദ്, ജ്ജർ, സോണിപത് ജില്ലകളിൽ ത്രിവർണ്ണ പതാക ഉയർത്തും.
കഴിഞ്ഞ നിരവധി മാസങ്ങളായി, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും അദ്ദേഹത്തിന്റെ ഉപമന്ത്രി ദുഷ്യന്ത് ചൗട്ടാലയും ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മന്ത്രിമാരും ബിജെപിയും ജെജെപിയും നേതാക്കളും പൊതുപരിപാടികളിൽ പങ്കെടുക്കാൻ പോയ ഇടങ്ങളിൽ നിന്നെല്ലാം പൊതുജനങ്ങളിൽ നിന്ന് വൻ തോതിലുള്ള പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ റദ്ദാക്കാനോ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ വേണമെന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായെത്തിയ നിർബന്ധിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.

ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് തിരംഗ യാത്രയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. യുവാക്കളിൽ രാജ്യസ്നേഹം വളർത്തുന്നതിന് വേണ്ടിയാണ് ബിജെപി ശ്രമം. എന്നാൽ ദേശീയ പതാകയെ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ട് യാത്രയെ എതിർക്കില്ലെന്നുമാണ് കർഷകർ സ്വീകരിച്ച നിലപാട്. "കർഷകർ എതിർക്കുകയും ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്താൽ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തന്ത്രമാണ്" ഇതിന് പിന്നിലുള്ളതെന്നും കർഷകർ കൂട്ടിച്ചേർത്തു.
അതോടൊപ്പം കർഷക യൂണിയനുകൾ ആഗസ്റ്റ് 15 ന് ഹരിയാണയിലെ വിവിധ ജില്ലകളിൽ സമാന്തരമായി "തിരംഗ യാത്രകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി അതിർത്തികളിൽ ക്യാമ്പ് ചെയ്തിരുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിംഘു അതിർത്തിയിലെത്തുമെന്ന് ധാരാളം കർഷകരും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിലധികമായി കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി രാജ്യത്തെ കർഷകർ സമരം ചെയ്തുവരികയാണ്. അതേസമയം, സ്വാതന്ത്ര്യദിന പരിപാടികളുടെ ഷെഡ്യൂൾ അനുസരിച്ച്, ഖട്ടാർ ഫരീദാബാദിൽ ദേശീയ പതാക ഉയർത്തും.
വിധാൻ സഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത കർണാലിലും ആഭ്യന്തര മന്ത്രി അനിൽ വിജ്, അംബാലയിൽ വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ, ചർക്കി ദാദ്രിയിൽ ഗതാഗത മന്ത്രി മൂൽചന്ദ് ശർമ്മ, ഫത്തേഹാബാദിൽ വൈദ്യുതി മന്ത്രി രഞ്ജിത് സിംഗ്, പഞ്ചകുളയിൽ കൃഷി മന്ത്രി ജെ പി ദലാൽ എന്നിവർ ദേശീയ പതാക ഉയർത്തും. പാനിപ്പത്തിൽ സഹകരണ മന്ത്രി ബൻവാരി ലാലും ദേശീയപതാക ഉയർത്തും. ഡെപ്യൂട്ടി സ്പീക്കർ രൺബീർ ഗാംഗ്വാ ഭിവാനിയിൽ ത്രിവർണ്ണ പതാകയും യമുനാനഗറിൽ മന്ത്രി ഓം പ്രകാശ് യാദവും ഹിസാറിൽ മന്ത്രി കമലേഷ് ധണ്ടയും റെവാരിയിൽ മന്ത്രി അനൂപ് ധനക്കും നൂഹിൽ മന്ത്രി സന്ദീപ് സിംഗും ത്രിവർണ്ണ പതാക ഉയർത്തും.
സ്വാതന്ത്ര്യ ദിനത്തിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയർത്താൻ അനുവദിക്കില്ലെന്ന് നേരത്തെ കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ദില്ലിയിലും സ്വാതന്ത്ര്യ ദിനം കണക്കിലെടുത്ത് ചെങ്കോട്ടയടക്കമുള്ള പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കണ്ടെയ്നർ ലോറികളുടെ ഭാഗങ്ങൾ സ്ഥാപിച്ചാണ് ദില്ലി പോലീസ് സുരക്ഷയൊരുക്കിയിട്ടുള്ളത്. ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണമുണ്ടായ സാഹചര്യത്തിൽ ആക്രമണ സാധ്യത കണക്കിലെടുത്താണ് നീക്കം.












Click it and Unblock the Notifications