EPFO 3.0 ഇതാ എത്തി; പി.എഫ് പണമെടുക്കൽ ഇനി മിന്നൽ വേഗത്തിൽ, എല്ലാം അറിയാം
ഇന്ത്യയിലെ എട്ട് കോടിയോളം വരുന്ന ഇ.പി.എഫ് വരിക്കാർക്ക് ആശ്വാസകരമായ വാർത്തയുമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) എത്തുന്നത്. നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങളെ പൂർണ്ണമായും നവീകരിച്ചുകൊണ്ട് 'EPFO 3.0' എന്ന പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സാങ്കേതിക തകരാറുകൾ മൂലമുള്ള കാലതാമസവും പ്രാദേശിക ഓഫീസുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ പരിഷ്കരണമാണിത്. കേന്ദ്ര സർക്കാർ ഉടൻ അവതരിപ്പിക്കാനിരിക്കുന്ന ഈ പുതിയ പ്ലാറ്റ്‌ഫോമിലെ പ്രധാന സവിശേഷതകൾ പരിശോധിക്കാം.
1.കോർ ബാങ്കിംഗ് സംവിധാനം
EPFO 3.0-ന്റെ ഏറ്റവും വലിയ സവിശേഷതയാണിത്. നിലവിൽ ഒരു അംഗത്തിന്റെ പി.എഫ് അക്കൗണ്ട് ഒരു പ്രത്യേക റീജിയണൽ ഓഫീസിന് കീഴിലായിരിക്കും. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ, ഇന്ത്യയിലെ ഏത് ഇ.പി.എഫ്.ഒ ഓഫീസിൽ നിന്നും തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാകും. ഒരു ബാങ്ക് അക്കൗണ്ട് രാജ്യത്തെ ഏത് ബ്രാഞ്ചിൽ നിന്നും കൈകാര്യം ചെയ്യുന്നത് പോലെയാണിത്. ഇത് ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കും.
2.പ്രാദേശിക ഭാഷാ പിന്തുണ
ഭാഷാപരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കും. ഐ.ടി മന്ത്രാലയത്തിന്റെ 'ഭാഷിണി' (Bhashini) എന്ന എഐ പ്ലാറ്റ്‌ഫോം ഇതിനായി ഉപയോഗിച്ചേക്കാം. ഇതുവഴി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ അംഗങ്ങൾക്ക് ബാലൻസ് പരിശോധിക്കാനും നിയമങ്ങൾ മനസ്സിലാക്കാനും സാധിക്കും.

3.യു.പി.ഐ വഴിയുള്ള പിൻവലിക്കൽ
EPFO 2.0-ന്റെ അവസാന ഘട്ട പരിഷ്കാരങ്ങളുടെ ഭാഗമായി, BHIM ആപ്പ് വഴി യു.പി.ഐ ഉപയോഗിച്ച് പി.എഫ് തുക പിൻവലിക്കാനുള്ള സൗകര്യം ഉടൻ നിലവിൽ വരും. തുടക്കത്തിൽ 25,000 രൂപ വരെയുള്ള തുകകൾ ഇത്തരത്തിൽ വേഗത്തിൽ പിൻവലിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
4.കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം
പുതിയ പോർട്ടലും ബാക്കെൻഡ് സോഫ്റ്റ്‌വെയറും വരുന്നതോടെ പരാതികൾ പരിഹരിക്കാനുള്ള സമയം ഗണ്യമായി കുറയും. എട്ട് കോടിയോളം വരുന്ന സജീവ അംഗങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക സർവ്വറുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്.
5.ശമ്പള പരിധി വർദ്ധനവ്
നിലവിലുള്ള 15,000 രൂപ എന്ന വേതന പരിധി 25,000 രൂപയായി ഉയർത്താനുള്ള നിർദ്ദേശവും ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്. ഇത് നടപ്പിലായാൽ കൂടുതൽ ജീവനക്കാർക്ക് ഇ.പി.എഫ് ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങും.നിലവിൽ ഇ.പി.എഫ്.ഒ 2.0 പരിഷ്കാരങ്ങൾ പൂർത്തിയാകാൻ രണ്ട് മാസം കൂടി സമയമെടുക്കുമെന്നും അതിനുശേഷം പൂർണ്ണമായും 3.0 പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.












Click it and Unblock the Notifications