സിഎഎക്കെതിരായ പ്രമേയം അനാവശ്യം: എന്‍പിആറില്‍ ബിഹാര്‍ മാതൃകയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പൗരത്വ നിയമഭേഗതിയില്‍ പ്രമേയം പാസാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പൗരത്വ നിയമത്തിനെതിരെയോ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയോ പ്രമേയം മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കേണ്ടതില്ലെന്നാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരായ പ്രമേയം പാസാക്കുന്നതിനായി കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും 2010ലെ അതേ ഘടനയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കണമെന്നുമാണ് എന്‍സിപി വക്താവ് നവാബ് മാലിക്ക് മുന്നോട്ടുവെക്കുന്ന ആവശ്യം. ജനസംഖ്യാ കണക്കെടുപ്പിനായി പുതിയതായി തയ്യാറാക്കിയ ചോദ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മാലിക് ചൂണ്ടിക്കാണിക്കുന്നു.

പ്രമേയമത്തിന്റെ ആവശ്യമില്ലെന്ന്
പൗരത്വ നിയമഭേദഗതിയോ ദേശീയ ജനസംഖ്യാ രജിസ്റ്ററോ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ല. അതിനാല്‍ അനാവശ്യമായി പ്രമേയം പാസാക്കേണ്ടതില്ലെന്നാണ് അജിത് പവാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ ബിഹാര്‍ നിയമസഭയുടെ നിലപാടാണ് സ്വീകരിക്കുകയെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2010ലെ അതേ രീതിയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്നാണ് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയത്. ദേശീയ പൗരത്വ രജിസ്റ്ററിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും ശിവസേനയുടെ നിലപാട് വ്യക്തമല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനാണ് ചൂണ്ടിക്കാണിച്ചത്. ഈ വിഷയം മഹാരാഷ്ട്ര കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഏറ്റെടുക്കണമെന്നും ചവാന്‍ ആവശ്യപ്പെട്ടിരുന്നു.

നിലപാട് വ്യക്തമാക്കണം
കോണ്‍ഗ്രസും ശിവസേനയും ഉള്‍പ്പെട്ട ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആദ്യമേ തന്നെ പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയിലെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് പരിഷ്കാരങ്ങളും രാജ്യത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയില്‍ ശിവസേനയുടെ നിലപാട് വ്യക്തമല്ലെന്ന് അശോക് ചവാന്‍ എന്‍ഐയോട് പ്രതികരിച്ചിരുന്നു.

പ്രമേയം ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍?
അടുത്തതായി നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭയില്‍ നിയമ ഭേദഗതിക്കും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരെ പ്രമേയം പാസാക്കാന്‍ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നീക്കം നടത്തുന്നതായി അവകാശപ്പെട്ട് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പൗരത്വ നിയമഭേദതി നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടാണ് ശിവസേന ആദ്യം മുതല്‍ തന്നെ സ്വീകരിച്ച് വന്നിരുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ മാത്രമാണ് ശിവസേന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.

ബിഹാറിന്റെ പാതയില്‍...
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയത്. അതിനൊപ്പം 2010ലെ അതേ ഘടനയില്‍ ഭേദഗതിയോടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് കാണിച്ചും ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഫെബ്രുവരി 25നായിരുന്നു എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു സര്‍ക്കാര്‍ നിയമസഭയില്‍ ഇരട്ട പ്രമേയങ്ങള്‍ പാസാക്കിയത്. ബിഹാറില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010ലെ അതേ ഘടനയില്‍ നടപ്പിലാക്കട്ടെ എന്നുമായിരുന്നു പ്രമേയം പറയുന്നത്. സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരിയുടെ മേശമേല്‍ വെച്ച പ്രമേയം ഏകകണ്ഠേന പാസാക്കുകയായിരുന്നു.












Click it and Unblock the Notifications