പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാതെ പ്രശാന്ത് കിഷോര്‍; 3000 കിലോമീറ്റര്‍ പദയാത്ര നടത്തും, ബിഹാര്‍ ലക്ഷ്യം
പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചില്ല. ഇന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും ഞാന്‍ ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കിഷോര്‍ പറഞ്ഞു. സമാന മനസ്‌കരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ബിഹാറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ വന്നതല്ല. ജനങ്ങളുമായി സംവദിക്കാന്‍ തീരുമാനിച്ചു. 18000ത്തോളം പേരുമായി സംവദിക്കും. അതിന് വേണ്ടി പദയാത്ര സംഘടിപ്പിക്കും. 3000 കിലോമീറ്റര്‍ നീളുന്ന പദയാത്രയാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Recommended Video
പ്രശാന്ത് കിഷോറിന്റെ ഓരോ നീക്കങ്ങളും ചര്‍ച്ചയാകുകയാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപിയുടെ വിരുദ്ധ ചേരിയിലാകും എന്ന് ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ സംഘടനാ തലത്തില്‍ ശക്തമാകുന്നതിന് ബദല്‍ രേഖ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ദേശങ്ങളില്‍ പലതും കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നും അഭ്യൂഹമുണ്ടായി. എന്നാല്‍ അത് കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് കാരണമാകുമെന്ന് കണ്ട് കിഷോര്‍ പിന്‍മാറുകയായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതിന് പകരം അദ്ദേഹം ബിഹാറില്‍ സജീവമായി പ്രവര്‍ത്തിക്കാനും പുതിയ പാര്‍ട്ടി രൂപീകരിക്കാനും തീരുമാനിച്ചു. ഇന്ന് പ്രഖ്യാപനം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നില്ലെന്നും ബിഹാറില്‍ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നുമാണ് പ്രശാന്ത് കിഷോര്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് പറഞ്ഞത്. ഒക്ടോബര്‍ രണ്ട് മുതല്‍ ബിഹാറില്‍ പദയാത്ര ആരംഭിക്കും. 3000 കിലോമീറ്റര്‍ യാത്രയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് ലക്ഷ്യം. പുതിയ ദൗത്യവുമായി പ്രശാന്ത് കിഷോര്‍ ഇറങ്ങുമ്പോള്‍ ബിഹാറിലെ പ്രധാന പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്.
2020ലായിരുന്നു ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇനി ഉടന്‍ തിരഞ്ഞെടുപ്പില്ല. അതുകൊണ്ടുതന്നെ പുതിയപാര്‍ട്ടി താന്‍ ആലോചിക്കുന്നില്ല. എന്നാല്‍ ഭാവിയില്‍ പാര്‍ട്ടി രൂപീകരിച്ചേക്കാമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പൂജ്യത്തില്‍ നിന്ന് തുടങ്ങുകയാണ് ഞാന്‍. ജനങ്ങളുമായി ഇടപഴകാന്‍ അടുത്ത മൂന്ന് വര്‍ഷം വിനിയോഗിക്കുമെന്നും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഒരുപാര്‍ട്ടിയും സഖ്യമുണ്ടാകില്ല എന്ന സൂചനയാണ് പ്രശാന്ത് കിഷോര്‍ നല്‍കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രതിപക്ഷമായ ആര്‍ജെഡിയെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ബിഹാറിന് ഒന്നും നേടാന്‍ സാധിച്ചില്ലെന്ന് കിഷോര്‍ പറഞ്ഞു. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരെ കൂടെ നിര്‍ത്തും. ഭാവിയില്‍ പാര്‍ട്ടി രൂപീകരിച്ചാല്‍ അത് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയാകില്ല. പകരം ജനങ്ങളുടെ പാര്‍ട്ടിയായിരിക്കും. ബിഹാറില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് അടുത്തിടെ നടത്തിയ സര്‍വ്വെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പണം എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യത്തിനും പ്രശാന്ത് കിഷോര്‍ രസകരമായി പ്രതികരിച്ചു. വോട്ട് നമുക്കുണ്ടെങ്കില്‍ പണം എത്തുമെന്നായിരുന്നു കിഷോറിന്റെ മറുപടി.












Click it and Unblock the Notifications