ഇന്ത്യന്‍ വിമാനം ഉപയോഗിക്കാന്‍ അനുമതിയില്ല:മാലിയില്‍ 14 കാരന്‍ മരിച്ചു, വന്‍ പ്രതിഷേധം
ഡൽഹി: ഇന്ത്യന്‍ ഡോർണിയർ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസ്സുകാരന്‍ മരിച്ചു. എയർ ലിഫ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടെ വിമാനം ഉപയോഗിക്കുന്നത് പ്രസിഡന്റ് മുഹമ്മദ് മുയിസു വിലക്കുകയായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ രാജ്യത്ത് മുയിസുവിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച് ഇന്ത്യ നൽകിയ ഡോർണിയർ വിമാനമാണ് ദ്വീപ് രാഷ്ട്രത്തിൽ എയർ ആമ്പലുന്‍സായി പ്രവർത്തിക്കുന്നത്. ബ്രെയിൻ ട്യൂമറും സ്ട്രോക്കും നേരിടുന്ന 14 കാരനെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിംഗ്ടണിൽ നിന്ന് മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകാൻ കുടുംബം എയർ ആംബുലൻസ് സഹായം തേടുകയായിരുന്നു. എത്രയും പെട്ടെന്ന് മാലെയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.

ബുധനാഴ്ച രാത്രി കുട്ടിക്ക് മസ്തിഷ്കാഘാതം ഉണ്ടായതോടെയാണ് തലസ്ഥാനത്തേക്ക് എയർ ലിഫ്റ്റിങ് വേണമെന്ന നിർദേശം ഉണ്ടായത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ വരെ കുടുംബത്തിന്റെ കോളുകൾക്ക് ഉത്തരം ലഭിച്ചില്ല, ഒടുവിൽ ഏറെ വൈകിയാണ് രാജ്യത്തെ വ്യോമയാന അധികൃതരുടെ പ്രതികരണമുണ്ടാകുന്നത്. 16 നിർണായക മണിക്കൂർ നീണ്ടുനിന്ന ഈ കാലതാമസം, ഗാഫ് അലിഫ് വില്ലിങ്കിലിയിലെ ആശുപത്രിക്ക് സമീപം വലിയ പ്രതിഷേധത്തിനും കാരണമായി.
"പക്ഷാഘാതം ഉണ്ടായ ഉടൻ തന്നെ കുട്ടിയെ മാലെയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ഐലൻഡ് ഏവിയേഷനെ വിളിച്ചു, പക്ഷേ അവർ ഞങ്ങളുടെ കോളുകൾക്ക് മറുപടി നൽകിയില്ല. വ്യാഴാഴ്ച രാവിലെ 8:30 ന് അവർ ഫോൺ അറ്റൻഡ് ചെയ്തു. ഇത്തരം കേസുകൾക്ക് എയർ ആംബുലൻസ് ഉണ്ടായിരിക്കുക എന്നതാണ് ഏക പരിഹാരം. എന്നാല്‍ അത് ഞങ്ങള്‍ക്ക് ലഭിച്ചില്ല." കുട്ടിയുടെ പിതാവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട് കുട്ടിയെ തലസ്ഥാനത്തേക്ക് മാറ്റിയെങ്കിലും ആരോഗ്യം നില വഷളായി മരണം സംഭവിക്കുകയായിരുന്നു. മെഡിക്കൽ എയർലിഫ്റ്റ് ചെയ്യാന്‍ ഉത്തരവാദിത്തമുള്ള കമ്പനിയായ ആസന്ധ കമ്പനി ലിമിറ്റഡ്, അഭ്യർത്ഥന ലഭിച്ച ഉടൻ തന്നെ കുട്ടിയെ മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി സൂചിപ്പിക്കുന്ന ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാല്‍ പിന്നീട് ചില സാങ്കേതിക തകരാറുകള്‍ കാരണം നടപടികള്‍ വൈകുകയാണെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
കുട്ടി മരിച്ചതിനെ തുടർന്ന് ആശുപത്രിക്ക് പുറത്ത് വലിയ പ്രതിഷേധമാണ് നടന്നത്. വിഷയം രാഷ്ട്രീയമായും ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. "ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ല," മാലിദ്വീപ് എംപി മീകെയിൽ നസീം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം എന്നതുമാണ് ശ്രദ്ധേയം. മുഹമ്മദ് മുയിസു അധികാരമേറ്റതിന് ശേഷമാണ് ഇരുരാജ്യങ്ങളുടേയും ബന്ധത്തില്‍ വിള്ളലുണ്ടായത്. ചൈനയുമായുള്ള അടുത്ത ബന്ധത്തിന്റെ സൂചനയും മുമ്പത്തെ "ഇന്ത്യ ആദ്യം" എന്ന സമീപനത്തിൽ നിന്നുള്ള വ്യതിചലനത്തിന്റെ സൂചനയും നൽകി പുതിയ പ്രസിഡന്റ് പുതിയ വിദേശ നയം സ്വീകരിക്കുകയായിരുന്നു.












Click it and Unblock the Notifications