സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യ തന്നെ; ബാഹ്യേപ്രരണയില്ല: റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ
മുംബൈ: 2020-ല്‍ ബോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ (34) മരണം. താരത്തിന്റെ അകാലമരണം ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് ആരോപണം ഉന്നയിച്ചതോടെ കേസ് വലിയ വിവാദമായി മാറുകയും സിബിഐ ഏറ്റെടുക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ നടന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ മുംബൈ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്നുമുള്ള നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. സുശാന്തിന്റെ അടുത്ത സുഹൃത്തായിരുന്ന നടി റിയ ചക്രവര്‍ത്തിക്ക് മരണത്തില്‍ പങ്കുള്ളതായി സിബിഐയ്ക്കും കണ്ടെത്താനായിട്ടില്ല.

2020 ജൂണില്‍ കോവിഡ് കാലത്താണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിഷാദ രോഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിക്കാത്തതിനാല്‍ മരണം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നു.
മകന്‍ കൊല്ലപ്പെട്ടതാണെന്നും 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി തട്ടിയെടുത്തെന്നും ആരോപിച്ച് പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. കേസ് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയും ചെയ്തു. റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ ആരോപണവിധേയരായ എല്ലാവരെയും സിബിഐ വീണ്ടും ചോദ്യംചെയ്‌തെങ്കിലും കൊലപാതകമാണെന്നു സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചില്ല.
സുശാന്തിന് റിയ ലഹരിമരുന്ന് എത്തിച്ചിരുന്നതായി ആരോപണം ഉയര്‍ന്നതിനു പിന്നാലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കേസില്‍ ഇടപെടുകയും റിയ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചതായി റിയ സമ്മതിച്ചിരുന്നു.
ഫൊറന്‍സിക് വിദഗ്ധര്‍ സുശാന്തിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സുഷാന്തിന്റെ വസതിയില്‍ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല. സുശാന്തിന്റേത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ സിബിഐക്ക് കൈമാറിയത്.
'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാന്‍സ്' (2013), ആക്ഷന്‍ ത്രില്ലര്‍ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്. ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ 'ധോണി'യായി എത്തിയ സുശാന്തിനെ ആരാധകര്‍ ഒരിക്കലും മറക്കില്ല.
ആമിര്‍ ഖാനും അനുഷ്‌ക ശര്‍മ്മയും പ്രധാന വേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ 'പികെ'യിലെ സര്‍ഫറാസ് യൂസഫ് എന്ന അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേദാര്‍നാഥ്, ചിച്ചോര്‍ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ താരം, അവതാരകന്‍, സംരംഭകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും സുശാന്ത് ഏറെ പ്രശസ്തനായിരുന്നു.












Click it and Unblock the Notifications