ഡിഎംകെയെ താഴെയിറക്കുന്നത് വരെ ചെരുപ്പിടില്ല; ഉഗ്രശപഥവുമായി അണ്ണാമലൈ
തമിഴാനട്ടിൽ ഡി എം കെയെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നത് വരെ താൻ ചെരുപ്പിടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. എല്ലാ തിന്മകളും ഇല്ലാതാക്കാൻ കോയമ്പത്തൂരിലെ തൻ്റെ വസതിക്ക് പുറത്ത് നാളെ സ്വയം ആറ് തവണ ചാട്ടവാറടി നടത്തുമെന്നും സംസ്ഥാനത്തെ മുരുകക്ഷേത്രങ്ങളിൽ പോകുന്നതിനായി 48 ദിവസം ഉപവസിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡിഎംകെയെ താഴെയിറക്കുന്നത് വരെ കാലിൽ ചെരുപ്പിടില്ല. പണം കൊടുത്ത് തിരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിക്കില്ല. തിരഞ്ഞെടുപ്പ് വിജയത്തിനായി ശക്തമായി തന്നെ പോരാടും. ഡി എം കെയെ പുറത്താക്കുന്നത് വരെ തന്റെ ശപഥം തുടരും', അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈ സർവ്വകലാശാല ക്യാമ്പസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിനെതിരെ അണ്ണാമലൈ ആഞ്ഞടിച്ചു.

സ്ഥിരം കുറ്റവാളിയായ ജ്ഞാനശേഖരൻ ഇതുവരേയും ഒരു ഗുണ്ടാ ലിസ്റ്റിലും ഇടംപിടിക്കാതിരുന്നത് ഡി എം കെയുമായുള്ള ബന്ധം കാരണമാണെന്ന് അണ്ണാമലൈ ആരോപിച്ചു. ഡിഎംകെ നേതാക്കളുമായി പ്രതി ജ്ഞാനശേഖരന് അടുത്ത ബന്ധമുണ്ടെന്ന തെളിയിക്കുന്ന നിരവധി ഫോട്ടോകളും രേഖകളും അണ്ണാമലൈ പത്രസമ്മേളനത്തിനിടെ പുറത്തുവിട്ടു. വടക്ക്-തെക്ക് രാഷ്ട്രീയം കളിച്ച് ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡി എം കെ ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയക്കളി നോക്കി തുപ്പാനാണ് തനിക്ക് തോന്നുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
ജനവരി 23 നായിരുന്നു ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സർവ്വകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് പെൺകുട്ടി. ആൺ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഹൈവേ ലബോറട്ടറിക്ക് സമീപമുള്ള കാമ്പസിൻ്റെ തുറസായ സ്ഥലത്ത് വെച്ച് തനിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തല്ലി അവശനാക്കിയ ശേഷം കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞത്. ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ഷൂട്ട് ചെയ്തെന്നും ഇത് ഉപയോഗിച്ച് തന്നെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ഇന്നലെയാണ് പ്രതിയായ ജ്ഞാനവേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുകയാണ്. കോട്ടൂർപുരം സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്.












Click it and Unblock the Notifications