സ്‌കൂള്‍ അവധി ഇല്ല; ക്രിസ്മസിന് പ്രവൃത്തി ദിവസമാക്കി ഉത്തര്‍ പ്രദേശ്, കേരളത്തില്‍ ദീര്‍ഘ അവധി
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെ വിവിധ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ക്രിസ്മസ് ദിനത്തില്‍ അവധി ഉണ്ടാകില്ല. പതിവ് തെറ്റിച്ചാണ് ഇത്തവണ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കേരളത്തില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അവധി ഡിസംബര്‍ 24ന് ആരംഭിക്കും. പുതുവര്‍ഷാഘോഷം കൂടി കഴിഞ്ഞ ശേഷം ജനുവരി 5നാണ് സ്‌കൂളുകള്‍ തുറക്കുക.
ഡിസംബര്‍ 25ന് ഡല്‍ഹിയില്‍ സ്‌കൂള്‍ അവധിയായിരിക്കും. 24ന് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ഡിസംബര്‍ 25ന് അവധിയുണ്ടാകില്ല. ആദ്യമായിട്ടാണ് ക്രിസ്മസ് ദിനത്തില്‍ അവധി ഒഴിവാക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ആഘോഷം ആ ദിവസം നടത്തണം എന്നാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും സ്‌കൂളിലെത്തണം.

അതേസമയം, പഞ്ചാബില്‍ ദീര്‍ഘകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശൈത്യകാല സ്‌കൂള്‍ അവധി ക്രിസ്മസും പുതുവര്‍ഷവും കഴിഞ്ഞ് ജനുവരി പത്തിന് ശേഷമേ തുറക്കൂ. ഡിസംബര്‍ 22 മുതല്‍ പഞ്ചാബില്‍ സ്‌കൂള്‍ അവധി ആരംഭിക്കും. സ്വകാര്യ സ്‌കൂളുകള്‍ക്കും അവധിയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അവധി പ്രഖ്യാപിച്ച സംസ്ഥാനം പഞ്ചാബാണ്.
രാജസ്ഥാനില്‍ സ്‌കൂള്‍ അവധി ആരംഭിക്കുക ഡിസംബര്‍ 25 മുതലാണ്. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ ജനുവരി അഞ്ച് വരെ അവധിയായിരിക്കും. കേരളത്തില്‍ ഡസംബര്‍ 24 മുതല്‍ അവധി ആരംഭിക്കും. ജനുവരി അഞ്ച് വരെയാണ് അവധി. ഹരിയാനയില്‍ ഡിസംബര്‍ 25ന് മാത്രമായിരിക്കും അവധി. അതേസമയം, ശൈത്യകാല അവധി ജനുവരിയില്‍ പ്രഖ്യാപിച്ചേക്കും.
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ഡിസംബര്‍ 23 മുതല്‍ 27 വരെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 25ന് മാത്രമാകും അവധി. ആന്ധ്രയില്‍ ക്രിസ്മസ് ദിനത്തില്‍ അവധിയാകുമെന്നാണ് വിവരം. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാന്‍ അവസരം നല്‍കുകയാണ് പതിവ്.












Click it and Unblock the Notifications