ടാറ്റ സാമ്രാജ്യം ആര് ഭരിക്കും? രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റയോ മക്കളോ?
ടാറ്റാ സൺസ് ഇമിറേറ്റ് ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അമരത്തേക്ക് ആരെത്തുമെന്ന ചർച്ചകൾ ശക്തമായിരിക്കുകയാണ്. രത്തൻ ടാറ്റയുടെ അർത്ഥ സഹോദരനായ നോയൽ നവാൽ ടാറ്റയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ 40 വർഷമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് നോയൽ.
നിലവിൽ ട്രെന്റ്, ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡ്, വോൾട്ടാസ് & ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. മാത്രമല്ല ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കമ്പനി ലിമിറ്റഡിൻ്റെ വൈസ് ചെയർമാൻ പദവിയും വഹിക്കുന്നുണ്ട്.സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രെസ്റ്റീ കൂടിയാണ് ഇദ്ദേഹം.ടാറ്റാ ഇന്റർനാഷ്ണൽ ലിമിറ്റഡിനെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ നോയൽ എൻ ടാറ്റ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2010 മുതൽ 2021 വരെ ടാറ്റ ഇന്റർനാഷ്ണൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇക്കാലയളിൽ കമ്പനിയുടെ വരുമാനം 500 മില്യണിൽ നിന്നും 3 ബില്ല്യൺ ഡോളറായി വർധിപ്പിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വസ്ത്ര വ്യാപാര ബിസിനസ് ആയ ട്രെന്റിന്റെ വളർച്ചയിലും നോയൽ രത്തൻ ടാറ്റ വലിയ സ്വാധീനം ചെലുത്തി. ട്രെന്റിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. 1998 ൽ ഒരു സ്റ്റോർ മാത്രമായിരുന്നു ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ നോയലിന് കീഴിൽ 700 സ്റ്റോറുകൾ ആരംഭിച്ച് ബിസിനസ് വ്യാപിപ്പിക്കാൻ ഗ്രൂപ്പിന് സാധിച്ചു.
നാവൽ എച്ച് ടാറ്ററയുടേയും സിമൺ എൻ ടാറ്റയുടേയും മകനായ നോയൽ യുകെയിലെ സസക്സ് സർവ്വകലാശാലയിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. പിന്നീട് ഐഎൻഎസ്ഇഡിയിൽ നിന്നും ഇന്റർനാഷ്ണൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂർത്തിയാക്കി. ഇതിന് ശേഷമായിരുന്നു ടാറ്റയുടെ വ്യാവസായ സംരംഭങ്ങളുടെ ഭാഗമാകുന്നത്. ഈ വർഷം ആദ്യം നോയൽ ടാറ്റയുടെ മൂന്ന് മക്കളായ ലിയ, മായ, നെവിൻ എന്നിവരെ ടാറ്റാ ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവർത്തക ബോർഡിൽ നിയമിച്ചിരുന്നു. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവ അടക്കമുള്ള അഞ്ച് ഗ്രൂപ്പുകളുടെ ട്രെസ്റ്റികളാക്കിയായിരുന്നു നിയമനം. ഇവർക്കെല്ലാവർക്കും തന്നെ ടാറ്റാ സൺസിൽ ഓഹരിയുണ്ട്.
നോയൽ ടാറ്റയെ നേരത്തേ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നതിൽ രത്തൻ ടാറ്റയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അദ്ദേഹത്തിന് നേതൃ സ്ഥാനത്ത് ഇരിക്കാൻ പ്രാപ്തിയില്ലെന്നതായിരുന്നു രത്തൻ ടാറ്റയുടെ നിലപാട്. ഈ സാഹചര്യത്തിൽ നോയലിന്റെ മക്കളായിരിക്കുമോ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തുകയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ലിയയാണ് നോയൽ ടാറ്റയുടെ മക്കളിൽ മൂത്തയാൾ. സ്പെയിനിലെ മാഡ്രിഡിൽ നിന്നുള്ള ഐഇ ബിസിനസ് സ്കൂളിൽ മാർക്കറ്റിങ്ങിൽ ബിരുദം പൂർത്തിയാക്കിയ ലിയ താജ് ഹോട്ടൽസിൽ ആന്റ് റിസോർട്ട്സിന്റെ അസിസ്റ്റന്റ് സെയിൽസ് മാനേജരായി 2006 ലാണ് ചുമതലയേറ്റത്. നിലവിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് ആണ്. രണ്ടാമത്തെ മകനായ നെവിൻ ട്രെന്റിലൂടെയാണ് ടാറ്റയുടെ ബിസിനസിന്റെ ഭാഗമായത്. ഏറ്റവും ഇളയവളായ മായ ടാറ്റാ ക്യാപിറ്റൽ ഗ്രൂപ്പിൽ അനലിസ്റ്റായിട്ടായിരുന്നു തുടക്കം കുറിച്ചത്. 34 വയസുകാരിയായ മായ തന്റെ പ്രവർത്തന മികവിലൂടെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് മായ എത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications